/sathyam/media/media_files/2025/10/07/mahindra-thar-2025-10-07-16-09-01.jpg)
തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് പുതിയ ഥാറിന്‍റെ ഫേസ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കി. 9.99 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. പുതിയ ഡിസൈന്‍, അത്യാധുനിക സൗകര്യങ്ങള്‍, സ്മാര്‍ട്ട് സാങ്കേതികവിദ്യ എന്നിവയോടു കൂടിയ ഈ എസ്യുവി നഗര യാത്രകള്‍ കൂടുതല്‍ സുഖപ്രദമാക്കാനും സാഹസിക യാത്രകളെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സമാനതകളില്ലാത്ത ശേഷിയും കാലാതീതമായ രൂപകല്‍പ്പനയുമുള്ള ഥാറിന് നിലവില്‍ മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. ഒരു എസ്യുവി എന്നതിലുപരി ഇത് ജീവിതശൈലിയെ പ്രതിനിധീകരിക്കുകയും സാഹസിക യാത്രയ്ക്കായി തലമുറകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
എസ്യുവിയെന്നതിലുപരി വര്‍ഷങ്ങളായി ഥാര്‍ സ്വാതന്ത്ര്യത്തിന്‍റെയും സാഹസികതയുടെയും ഉപഭോക്താക്കളുമായി ആഴത്തില്‍ ബന്ധമുള്ള ഒരു ജീവിതശൈലിയുടെ പ്രതീകമായി മാറി. മഹീന്ദ്ര ഉപഭോക്താക്കളെ കേള്‍ക്കാനും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറാനും പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടുതന്നെ പുതിയ ഥാര്‍ അവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് മികച്ചത് നല്‍കാനുള്ള പ്രതിബദ്ധതയെയാണ് കാണിക്കുന്നത്.
പുതിയ ഡിസൈന്‍, സ്മാര്‍ട്ട് സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ സൗകര്യങ്ങള്‍ എന്നിവ ഒരുമിപ്പിച്ച പുതിയ ഥാര്‍ നഗരയാത്രകളിലും ഓഫ്റോഡ് യാത്രകളിലും പരിധിയില്ലാത്ത സാഹസിക യാത്ര നടത്താനും ഉപഭോക്താക്കള്‍ക്ക് മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുമെന്നും മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.
പുതിയ ഥാറിലെ വ്യത്യസ്തമായ ഫ്രണ്ട് ഗ്രില്‍, ഡ്യുവല്‍-ടോണ്‍ ഫ്രണ്ട് ബമ്പര്‍, ആര്‍18 അലോയ് വീലുകള്‍ എന്നിവ വാഹനത്തെ ശ്രദ്ധേയമാക്കുന്നു. ഉള്‍ഭാഗത്തെ പുതിയ കറുത്ത തീമിലുള്ള ഡാഷ്ബോര്‍ഡും പുതിയ സ്റ്റിയറിംഗ് വീലും ഇന്‍റീരിയറിനെ മികച്ചതാക്കുന്നു. ടാംഗോ റെഡ്, ബാറ്റില്‍ഷിപ്പ് ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങള്‍ ഉള്‍പ്പെടെ ആറ് ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളില്‍ പുതിയ ഥാര്‍ ലഭ്യമാണ്.
സുഖസൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ ഥാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടാം നിരയിലെ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ റിയര്‍ എസി വെന്‍റുകളുണ്ട്. ഡോറില്‍ ഘടിപ്പിച്ച പവര്‍ വിന്‍ഡോ സ്വിച്ചുകളും പുതിയ റിയര്‍ വ്യൂ ക്യാമറയും ഡ്രൈവിംഗ് എളുപ്പമാക്കുന്നു. അകത്ത് നിന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്യൂവല്‍ ലിഡ് ഇന്ധനം നിറയ്ക്കുന്നത് എളുപ്പമാക്കുന്നു. മോശം കാലാവസ്ഥയില്‍ വ്യക്തമായ കാഴ്ചയ്ക്കായി റിയര്‍ വാഷ് & വൈപ്പര്‍ സഹായിക്കുന്നു. വാഹനത്തിനകത്തേക്ക് എളുപ്പത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും എ-പില്ലര്‍ എന്‍ട്രി അസിസ്റ്റ് ഹാന്‍ഡിലുമുണ്ട്.
പുതിയ ഥാറില്‍ 26.03 സെന്‍റീമീറ്റര്‍ വലുപ്പമുള്ള എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്‍റ് സ്ക്രീനുണ്ട്. ഇതില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടുകളുമുണ്ട്. ടയര്‍ ഡയറക്ഷന്‍ മോണിറ്ററിങ് സിസ്റ്റം ടയറിന്‍റെ ദിശയെ സംബന്ധിച്ച തത്സമയ വിവരങ്ങള്‍ നല്‍കുകയും സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി അഡ്വഞ്ചര്‍ സ്റ്റാറ്റ്സ് ജെന്‍ ടു ഫീച്ചര്‍ റേസിംഗ് ടാബ്, ആള്‍ട്ടിമീറ്റര്‍, പുറത്തെ താപനില, പ്രഷര്‍, ട്രിപ്പ് മീറ്റര്‍, സ്റ്റിയറിംഗ് ദിശ തുടങ്ങിയ ഓഫ്റോഡ് ഡാറ്റകള്‍ നല്‍കുന്നു. ഇത് കണക്ടഡ് ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.
വിവിധതരം ഡ്രൈവിംഗ് അനുഭവങ്ങള്‍ക്കായി 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പോലുള്ള മള്‍ട്ടിപ്പിള്‍ ട്രാന്‍സ്മിഷനുകളോടൊപ്പം റിയര്‍-വീല്‍ ഡ്രൈവ്, 4x4 കോണ്‍ഫിഗറേഷനുകളിലും മഹീന്ദ്ര വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാക്കുന്നു.