പുതിയ ബോഡി കളർ ഓപ്ഷനുകൾ, എക്സ്റ്റീരിയർ ഹൈലൈറ്റുകൾ, പുതുക്കിയ ക്യാബിൻ തീം എന്നിവയുമായി എംജി ഗ്ലോസ്റ്റർ ഡെസേർട്ട്‌സ്റ്റോം, എംജി ഗ്ലോസ്റ്റർ സ്നോസ്റ്റോം വകഭേദങ്ങൾ പുറത്തിറക്കി. ഈ രണ്ട് പുതിയ വേരിയൻ്റുകളിലും പുത്തൻ ബാഹ്യ ഡിസൈൻ, പുനർരൂപകൽപ്പന ചെയ്ത ഇൻ്റീരിയർ തീമുകൾ, പുതിയ ബോഡി കളർ ഓപ്ഷനുകൾ എന്നിങ്ങനെ ഒന്നിലധികം അപ്‌ഡേറ്റുകൾ ഉണ്ട്.
എംജി ഗ്ലോസ്റ്റർ എസ്‌യുവി തുടക്കത്തിൽ 2020 ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് എംജിയുടെ മുൻനിര മോഡലാണ്. ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക്ക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ പ്രീമിയം എസ്‌യുവികളുമായി ഇത് മത്സരിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ രണ്ട് ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
കറുത്ത ആക്സൻ്റുകളോട് കൂടിയ ആഴത്തിലുള്ള ഗോൾഡൻ നിറമുള്ള ബോഡി നിറമാണ് എംജി ഗ്ലോസ്റ്റർ ഡെസേർട്ട്സ്റ്റോം അവതരിപ്പിക്കുന്നത്. കറുത്ത നിറത്തിലുള്ള ഗ്രിൽ, റെഡ് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക് അലോയ്‌കൾ, ഡാർക്ക് തീം ഓആർവിഎമ്മുകൾ, പരിഷ്‌ക്കരിച്ച ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. അകത്ത്, ക്യാബിൻ കറുത്ത സ്റ്റിയറിംഗ് വീലും ഇരുണ്ട അപ്ഹോൾസ്റ്ററിയും ഉള്ള ബ്ലാക്ക് തീം തുടരുന്നു.
ഗ്ലോസ്റ്റർ സ്‌നോസ്‌റ്റോമിന് വെള്ളയിലും കറുപ്പിലും ഇരട്ട-ടോൺ എക്സ്റ്റീരിയർ ഉണ്ട്. മുന്നിലും പിന്നിലും ബമ്പറുകൾക്ക് റെഡ് ആക്‌സൻ്റും ഹെഡ്‌ലാമ്പുകളിൽ റെഡ് ഇൻസെർട്ടുകളും ഉണ്ട്. ബ്ലാക്ക് ഗ്രില്ലും അലോയി വീലുകളും പിൻ സ്‌പോയിലറും വാഹനത്തെ വേറിട്ടതാക്കുന്നു. അകത്ത്, വെള്ള സ്റ്റിച്ചിംഗ് ഫീച്ചർ ചെയ്യുന്ന കറുത്ത നിറത്തിലുള്ള സീറ്റുകളുമായാണ് ഇത് വരുന്നത്.