/sathyam/media/media_files/2025/10/08/mahindra-2025-10-08-20-38-24.jpg)
കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ട്രാക്ടര്‍ ബ്രാന്‍ഡായ മഹീന്ദ്ര ട്രാക്ടേഴ്സ്, മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ സ്ഥാപിച്ച മഹീന്ദ്ര ട്രാക്ടേഴ്സ് നൈപുണ്യ വികസന കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുംബൈയില്‍ നടന്ന ചടങ്ങില്‍ വെര്‍ച്വലായിട്ടാണ് പ്രധാനമന്ത്രി സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഗ്രാമീണ യുവാക്കളെ വ്യവസായത്തിന് അനുയോജ്യമായ കഴിവുകള്‍ പരിശീലിപ്പിച്ച് ശാക്തീകരിക്കാനും, മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് മഹീന്ദ്രയുടെ ഈ സുപ്രധാന സംരംഭം.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന വകുപ്പുമായും (ഡിവിഇടി) മഹാരാഷ്ട്ര സ്റ്റേറ്റ് സ്കില്‍ ഡെവലപ്മെന്‍റ് സൊസൈറ്റിയുമായും (എംഎസ്എസ്ഡിഎസ്) സഹകരിച്ചാണ് മഹീന്ദ്ര ഗഡ്ചിരോളിയിലെ ഗവ.ഐടിഐ കോളജില്‍ നൈപുണ്യ വികസന കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.
ഗഡ്ചിരോളിയിലെ യുവാക്കള്‍ക്ക് വ്യവസായത്തിന് അനുയോജ്യമായ കഴിവുകള്‍ നല്‍കുന്നതിലും, പ്രാദേശിക ഉപജീവനമാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിലുമാണ് പുതിയ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുക. മികച്ച പരിശീലകര്‍ നല്‍കുന്ന ചിട്ടയായ പാഠ്യപദ്ധതിയിലൂടെ ഗ്രാമീണ യുവാക്കള്‍ക്ക് ഏറ്റവും ആധുനിക സാങ്കേതിക ഉപകരണങ്ങളെ കുറിച്ചുള്ള അറിവും, ട്രാക്ടറുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളിലുള്ള പ്രായോഗിക പരിശീലനവും ലഭിക്കും. ഉത്പാദന കേന്ദ്രങ്ങളിലെ അസംബ്ലിങ് ജോലികള്‍, ഡീലര്‍ഷിപ്പ് സ്ഥലങ്ങളിലെ വില്പന, സര്‍വീസ് ജോലികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ തൊഴിലവസരങ്ങള്‍ക്കും ഈ കേന്ദ്രം വഴിയൊരുക്കും.
മഹാരാഷ്ട്രാ സര്‍ക്കാരുമായി സഹകരിച്ച് ഗഡ്ചിരോളിയിലെ ഗ്രാമീണ യുവാക്കള്‍ക്കായി ഒരു മികച്ച നൈപുണ്യ വികസന അന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ടെന്നും, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തതില്‍ അത്യധികം സന്തോഷമുണ്ടെന്നും ഈ അവസരത്തില്‍ സംസാരിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെ ഫാം എക്യുപ്മെന്‍റ് ബിസിനസ് പ്രസിഡന്‍റ് വീജയ് നക്ര പറഞ്ഞു.