ബൈക്കിലേക്ക് പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന വിപണി പിടിക്കാൻ ശ്രമിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയിപ്പോൾ. അഡ്വഞ്ചർ സ്റ്റൈൽ മോട്ടോർസൈക്കിളിന്റെ 2023 പതിപ്പിന് 1.47 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. പഴയ മോഡലിനെ അപേക്ഷിച്ച് അൽപ്പം വിലക്കുറവുണ്ടെന്നതും ആളുകളെ കൈയിലെടുക്കാനുള്ള ഹോണ്ടയുടെ തന്ത്രമാണ്.
ഇതേ തന്ത്രം അടുത്തിടെ മിനുക്കുപണികളോടെ പുറത്തിറക്കിയ CB300F സ്പോർട്‌സ് ബൈക്കിലും കമ്പനി പരീക്ഷിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ റെഡ് വിംഗ് ഡീലർഷിപ്പുകളിലൂടെ 2023 മോഡൽ CB200X ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്. മോട്ടോർസൈക്കിളിന്റെ പുതുക്കിയ 184.4 സിസി എഞ്ചിൻ ഇപ്പോൾ ബിഎസ്-VI രണ്ടാംഘട്ട ചട്ടങ്ങൾക്കും OBD II അനുയോജ്യവുമാണെന്ന് ബ്രാൻഡ് പറയുന്നു.
കാഴ്ച്ചയിൽ പുതുമ തോന്നിക്കുന്നതിനായി പുതിയ ഡീസെന്റ് ബ്ലൂ മെറ്റാലിക് കളർ ഓപ്ഷനും ഹോണ്ട CB200X ബൈക്കിൽ അവതരിപ്പിച്ചിട്ടുണ്ട്. പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക്, സ്പോർട്സ് റെഡ് എന്നീ നിറങ്ങളും മോഡലിൽ സ്വന്തമാക്കാനാവും. ഹോണ്ട CB500X-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്റ്റൈലിംഗ് മനോഹരവും പ്രായോഗികവുമാണെന്ന് വേണം പറയാൻ.
ഹോർനെറ്റ് 2.0 അടിസ്ഥാനമാക്കി പുറത്തിറക്കിയിരിക്കുന്നതിനാൽ തന്നെ ഡയമണ്ട്-ടൈപ്പ് സ്റ്റീൽ ഫ്രെയിമിലാണ് CB200X പണികഴിപ്പിച്ചിരിക്കുന്നത്. ഷാർപ്പ് ഫെയറിംഗ്, നക്കിൾ ഗാർഡ് ഘടിപ്പിച്ച എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഫുൾ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഗോൾഡ് ഫിനിഷ് ചെയ്ത അപ്സൈഡ് ഡൌൺ ഫോർക്ക് (USD) ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ എന്നിവ ഇതിന് സമ്പന്നവും പ്രീമിയം ആകർഷണവും നൽകുന്നുമുണ്ട്.