ഏറെ പഴക്കമുള്ള വാഹനങ്ങൾ വൻ വില മുടക്കി വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ചില വാഹന മോഡലുകൾക്ക് വൻ ഡിമാൻഡാണ് ഇന്ന് വാഹന വിപണിയിൽ. നിർമ്മിച്ച വർഷം അനുസരിച്ച് രണ്ടുമുതൽ എട്ടുലക്ഷം വരെയൊക്കെ വിലയിലാണ് ഇപ്പോൾ നിർമ്മാണത്തിൽ ഇല്ലാത്ത ഇത്തരം വാഹനങ്ങൾ വിൽക്കുന്നത്.
വൻ വില കൊടുത്ത് ഇത്തരം വാഹനങ്ങള്‍ വാങ്ങാൻ പ്ലാനുണ്ടെങ്കില്‍ രണ്ടുവട്ടം ചിന്തിക്കുന്നത് നല്ലതായിരിക്കും എന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരുപക്ഷേ ഏതാനും വർഷങ്ങൾക്കകം ഇത്തരം വാഹനങ്ങളിലും പലതും റോഡിലിറക്കാൻ പറ്റാത്തവിധം നിയമങ്ങൾ മാറുകയാണ്.
രാജ്യത്തെ മാറി വരുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങളാണ് ഇത്തരം വാഹനങ്ങൾ വൻ തുക മുടക്കി വാങ്ങുന്നതിനുള്ള അപകടകാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഗവൺമെൻ്റിൻ്റെ വാഹന സ്‌ക്രാപ്പിംഗ് നയവും ആര്‍ഡിഇ, കഫെ2, ഒബിഡി2 തുടങ്ങിയ മലിനീകരണ നിയന്ത്രണ നിയമങ്ങളും ഇതിൽ പല വാഹനങ്ങൾക്കും ഭാവിയിൽ അന്തകനായേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.
സ്‌ക്രാപ്പിംഗ് നയം അനുസരിച്ച് , പെട്രോൾ അല്ലെങ്കിൽ ഡീസൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 15 വർഷത്തിന് ശേഷം വീണ്ടും രജിസ്‌ട്രേഷൻ ആവശ്യമാണ്. ഇങ്ങനെ കിട്ടുന്ന അംഗീകാരത്തിന് അഞ്ച് വർഷത്തേക്ക് മാത്രമേ സാധുതയുള്ളൂ. 20 വർഷത്തിനു ശേഷവും വാഹനം ഓടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഓരോ അഞ്ച് വർഷത്തിലും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം.