/sathyam/media/media_files/VZ2VE9hxk0LAmluNKY2g.webp)
ജര്‍മന്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗണ്‍ കമ്പനി രാജ്യത്ത് വില്‍ക്കുന്ന മുന്‍നിര എസ്‌യുവിയാണ് ടിഗുവാന്‍. ഈ ഉത്സവ സീസണില്‍ എസ്‌യുവി വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് പ്രഹരമേകി കാറിന്റെ വില കൂട്ടിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ഒറ്റ വേരിയന്റില്‍ വില്‍പ്പനക്കെത്തുന്ന കാറിന് ഇനി മുതല്‍ 47,000 രൂപയാണ് അധികം മുടക്കേണ്ടത്. നേരത്തെ ഈ എസ്‌യുവി 34.7 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ലഭ്യമായിരുന്നു.
എന്നാല്‍ വില വര്‍ധിപ്പിച്ച ശേഷം 35.17 ലക്ഷം രൂപയായിരിക്കുകയാണ് ടിഗുവാന്റെ പുതിയ എക്‌സ്‌ഷോറൂം വില. ഇന്ത്യയില്‍ ഒരു ഫുള്ളി ലോഡഡ് 'എലഗന്‍സ്' വേരിയന്റിലാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ടിഗുവാന്റെ വില കൂട്ടുന്നത്. ഇന്‍പുട് ചെലവുകള്‍ കൂടുന്നതാണ് പുതിയ വില വര്‍ധനവിന്റെ കാരണമായി ചുണ്ടിക്കാട്ടപ്പെടുന്നത്. ഉത്സവ സീസണില്‍ കാറിന്റെ വില വര്‍ധിക്കുന്നത് ദോഷകരമായിരിക്കുമെന്ന വിലയിരുത്തലിലാണ് നിരീക്ഷകര്‍. എന്നാല്‍ ഇന്ത്യയില്‍ ടിഗുവാന്റെ പ്രധാന എതിരാളിയായ ഹ്യുണ്ടായി ട്യൂസോണിനും അടുത്തിടെ വില കൂട്ടിയിരുന്നു.
വില കൂടിയെങ്കിലും കാറിന്റെ ഫീച്ചറുകളിലും സ്‌പെസിഫിക്കേഷനുകളിലും കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ടിഗുവാന്‍ മുമ്പ് ഓള്‍സ്‌പേസ് 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 5 സീറ്റ് സജ്ജീകരണത്തില്‍ മാത്രമേ ലഭ്യമാകൂ. 2023 ടിഗുവാന്‍ എസ്‌യുവി നൈറ്റ്ഷെയ്ഡ് ബ്ലൂ, ഓറിക്സ് വൈറ്റ് വിത്ത് പേള്‍ ഇഫക്റ്റ്, ഡീപ് ബ്ലാക്ക്, ഡോള്‍ഫിന്‍ ഗ്രേ, റിഫ്ലെക്സ് സില്‍വര്‍ എന്നിവയുള്‍പ്പെടെ അഞ്ച് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നത്.
ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടിഗുവാന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. E20 ഇന്ധനത്തില്‍ ഓടാന്‍ ഇപ്പോള്‍ ഈ വാഹനത്തിന് കഴിയും. ടിഗുവാന്‍ എസ്‌യുവിയുടെ ഏറ്റവും പുതിയ മോഡലില്‍ ലെവല്‍ 1 ADAS സാങ്കേതികവിദ്യ കൂടുതല്‍ കാര്യക്ഷമമായ പവര്‍ട്രെയിന്‍ എന്നിവ ഉള്‍പ്പെടെ നിരവധി അപ്പ്‌ഗ്രേഡുകളും മാറ്റങ്ങളും ഉള്‍പ്പെടുന്നു.
190 bhp പവറും 320 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. റിയര്‍ വീല്‍ ഡ്രൈവും ഓള്‍ വീല്‍ ഡ്രൈവ് ഡ്രൈവ് ട്രെയിനും ഈ എസ്‌യുവിയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മാനുവല്‍, DCT ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭിക്കും. പുതുക്കിയ എഞ്ചിന്‍ ഇപ്പോള്‍ 7.0 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നതായാണ് കമ്പനിയുടെ അവകാശവാദം. ലിറ്ററിന് 13.54 കിലോമീറ്റര്‍ ARAI സര്‍ട്ടിഫൈഡ് മൈലേജാണ് പറയുന്നത്.