കുഞ്ഞുങ്ങള്‍ വാഹനത്തിനുള്ളില്‍ ചൂടേറ്റു മരിച്ച സംഭവം ; പിതാവ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി

New Update

ഒക്‌ലഹോമ : നാലും മൂന്നും വയസ്സു വീതമുള്ള കുഞ്ഞുങ്ങള്‍ ട്രക്കിനകത്ത് ചൂടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ച പിതാവ് ഡസ്റ്റിന്‍ ലി ഡെന്നിസിനെ (31) ജയില്‍ വിമോചിതനാക്കിയെന്നു ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. ജൂണ്‍ 13 ശനിയാഴ്ചയായിരുന്നു സംഭവം. നാലു വയസ്സുകാരന്‍ ടിഗനും സഹോദരന്‍ മൂന്നു വയസ്സുകാരന്‍ ഡെന്നിസും ആണു മരിച്ചത്.

Advertisment

publive-image

രാവിലെ കുട്ടികളുമായി പിതാവ് തൊട്ടടുത്തുള്ള ക്വിക്ക് ട്രിപ്പ് കണ്‍വീനിയന്‍സ് സ്റ്റോറില്‍ പോയി ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ കയറിയ ഉടനെ ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് കുട്ടികളെ നോക്കിയപ്പോഴാണ് വീട്ടിനകത്തില്ല എന്നു മനസ്സിലായത്. ഉടന്‍ പുറത്തിറങ്ങി പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിനകത്തേക്കു നോക്കിയപ്പോള്‍ രണ്ടു പേരും ട്രക്കിനകത്ത് ചലന രഹിതരായി കിടക്കുന്നതാണ് കണ്ടത്. ഉടനെ രണ്ടു പേരേയും വീട്ടിനകത്തേക്ക് കൊണ്ടു വന്നു പൊലീസിനെ വിവരം അറിയിച്ചു. അവര്‍ എത്തി പരിശോധിച്ചപ്പോള്‍ ഇരുവരും മരിച്ചിരുന്നു. പുറത്ത് 90 ഡിഗ്രിയായിരുന്നു താപനില.

കുട്ടികളെ പുറത്തിറക്കി എന്നാണ് ഞാന്‍ വിചാരിച്ചത്. – ചോദ്യം ചെയ്തപ്പോള്‍ പിതാവ് ഡെന്നിസ് പൊലീസിനോട് പറഞ്ഞു. അടുത്തുള്ള ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഡെന്നിസ് ട്രക്കില്‍ നിന്നു തനിയെ ഇറങ്ങി പോകുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണു പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. 750,000 ഡോളര്‍ ജാമ്യവും അനുവദിച്ചിരുന്നു.

പിന്നീട് വിവിധ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ തനിയെ ട്രക്കില്‍ കയറിയതാണെന്നും തുറന്നു പുറത്തിറങ്ങാന്‍ കഴിയാതിരുന്നതുമാണ് അഞ്ചു മണിക്കൂറോളം ട്രക്കിനകത്ത് അകപ്പെടുന്നതിനും ചൂടേറ്റ് മരിക്കുന്നതിനും കാരണമായതെന്നും ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. പിതാവിനെതിരെയുള്ള ചാര്‍ജ് ഒഴിവാക്കിയെന്നും ജയില്‍ വിമോചിതനാക്കിയെന്നും ഓഫിസ് അറിയിച്ചു.

baby death
Advertisment