സൗഹൃദം ദേശീയവേദി നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ ശതാബ്‌ദി ആഘോഷവും ബാല ഗംഗാധർ തിലകിന്‍റെ നൂറാം ചരമ വാർഷികവും നടത്തി

ജോസ് ചാലക്കൽ
Monday, August 3, 2020

പാലക്കാട്:സൗഹൃദം ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ശതാബ്‌ദി ആഘോഷവും ബാല ഗംഗാധർ തിലക്‌ നൂറാം ചരമ വാർഷികവും ആഗസ്റ്റ് 1 ന് നടന്നു.
ബാലഗംഗാധര തിലകനേയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീര ദേശാഭിമാനികളേയും അനുസ്മരിച്ചു.. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ബാല ഗംഗാധര തിലകൻ നടത്തിയ ധീര ദേശാഭിമാന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ജീവിതവും സംബന്ധിച്ച് ചർച്ച നടന്നു.

കോണ്‍ഗ്രസ്സിലെ ഉശിരൻ ദേശീയവാദി നേതാവായിരുന്ന അദ്ദേഹം “സ്വരാജ് എന്‍റെ ജന്‍‌മാവകാശമാണ്; ഞാന്‍ അതു നേടും’ എന്നു പ്രഖ്യാപിച്ചു. ഈ മാസ്മരിക മുദ്രാവാക്യത്താൽ അദ്ദേഹം എന്നെന്നും ജനഹൃദയങ്ങളിൽ ഓർമ്മിക്കപ്പെടുന്നു. ജനനം 23-7-1856.ന് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആയിരുന്നു. ഈ മഹാത്മാവിന്റെ മരണം 20-8-1920 നായിരുന്നു.

സംസ്കൃതത്തിലും ഗണിത ശാസ്ത്രത്തിലും പാണ്ഡിത്യം നേടി. ബി.എ., ബി.എല്‍. പരീക്ഷകള്‍ ജയിച്ചു. ചിപ്ലുങ്കര്‍, അഗര്‍കര്‍ എന്നിവരുമായി സഹകരിച്ച് “ഡക്കാണ്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി’യും പൂനെയിലെ ഫര്‍ഗൂസന്‍ കോളജും സ്ഥാപിച്ചു. കോളജില്‍ പ്രഫസറായി.

ചിപ്ലുങ്കര്‍ സ്ഥാപിച്ച കേസരി, മറാത്ത എന്നീ പത്രങ്ങളുടെ ആധിപത്യം 1882-ല്‍ ഏറ്റെടുത്തു. അവയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പേരില്‍ 1882-ല്‍ നാലു മാസം തടവിനു ശിക്ഷിക്കപ്പെട്ടു. അയിത്തോച്ചാടനം, വിധവാവിവാഹം തുടങ്ങിയ സാമൂഹ്യ പരിഷ്കരണ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടു.

1889- ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു; ക്രമത്തില്‍ അതിന്‍റെ സമുന്നത നേതാക്കളില്‍ ഒരാളായി. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ആദ്യത്തെ ജനകീയ നേതാവായിരുന്നു അദ്ദേഹം. 1895-96 കാലത്ത് ബോംബെ ലെജിസ്ളേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. രാഷ്ട്രീയകാര്യങ്ങളില്‍ തീവ്രമായി പ്രതികരിച്ചിരുന്ന തിലകനെ, സര്‍ക്കാരിനെതിരെ വെറുപ്പും വിദ്വേഷവും ജനിപ്പിച്ചു എന്ന കുറ്റം ചുമത്തി 1898 ജൂൺ 27-ന് അറസ്റ്റു ചെയ്ത് 18 മാസം കഠിനതടവിനു ശിക്ഷിച്ചു.
. ഗണപതി ഉത്സവവും ശിവാജി ഉത്സവവും സംഘടിപ്പിച്ച് ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോടടുപ്പിച്ചു. സര്‍ക്കാരിനെതിരെ അതൃപ്തിയും വിദ്വേഷവും ജനിപ്പിക്കുകയും സമുദായങ്ങള്‍ തമ്മില്‍ ശത്രുതയും ഭിന്നിപ്പും വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു എന്ന പേരില്‍,

1908 ജൂണ്‍ 24-നു വീണ്ടും അറസ്റ്റു ചെയ്ത് ആറു വര്‍ഷത്തേക്കു നാടുകടത്തി ബര്‍മയിലെ മാന്‍ഡലേ ജയിലില്‍ പാര്‍പ്പിച്ചു. അവിടെ തടങ്കലിലിരിക്കെയാണ് പ്രഖ്യാതമായ ഗീതാരഹസ്യം എന്ന ഗ്രന്ഥം രചിച്ചത്. 1916-ല്‍ വീണ്ടും കേസെടുത്തു ശിക്ഷിച്ചുവെങ്കിലും അപ്പീലില്‍ ഹൈക്കോടതി ശിക്ഷ ദുര്‍ബലപ്പെടുത്തി.

” ഹോം റൂള്‍ ലീഗ്’ സ്ഥാപിച്ച് ഇന്ത്യന്‍ സ്വയംഭരണത്തിനു വാദിച്ചു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഒരു കൊല്ലത്തിലധികം ഇംഗ്ളണ്ടില്‍ താമസിച്ചു പ്രവര്‍ത്തിച്ചു. 1920-മേയിൽ പൂണെയില്‍ വച്ച് മൂന്നേകാല്‍ ലക്ഷം രൂപയുടെ “തിലക് സ്വരാജ് നിധി’ ഇന്ത്യന്‍ജനത അദ്ദേഹത്തിനു സമ്മാനിച്ചു.ബ്രിട്ടനെതിരെ കോണ്‍ഗ്രസ് നിസ്സഹകരണപ്രസ്ഥാനമാരംഭിക്കുന്നതിനെ ശക്തിയായി അനുകൂലിച്ചു.

64 കൊല്ലത്തെ തന്റെ ജീവിതകാലത്ത് (1856-1920) അധ്യാപകൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, ജനനേതാവ് തുടങ്ങിയനിലകളിലൊക്കെ അദ്ദേഹം സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ മുന്നണിയിൽ നിറഞ്ഞുനിന്നു. മിതവാദികളായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ, മുഹമ്മദലി ജിന്ന എന്നിവരിൽനിന്നു വ്യത്യസ്തമായി, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തീവ്രവിഭാഗത്തെ നയിച്ച കരുത്തുറ്റ ദേശീയവാദിയായിരുന്നു തിലകൻ. രാജ്യദ്രോഹക്കുറ്റത്തിന് ഒട്ടേറെത്തവണ അദ്ദേഹം വിചാരണചെയ്യപ്പെട്ടു, മൂന്നുതവണ ജയിലിലടയ്ക്കപ്പെട്ടു.

തിലകൻ മരിച്ചപ്പോൾ, അദ്ദേഹത്തെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത് ‘ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്’ എന്നാണ്. ബ്രിട്ടീഷുകാർക്കു പക്ഷേ, സ്വാഭാവികമായും, അദ്ദേഹത്തെ അങ്ങനെ ആദരവോടെ സ്മരിക്കാനാവില്ലായിരുന്നു. ‘ഇന്ത്യൻ കലാപങ്ങളുടെ പിതാവ്’ എന്നാണ് അവർ തിലകനെ വിശേഷിപ്പിച്ചത്.ഹിന്ദുത്വ രാഷ്ട്രീയക്കാർ തിലകനേ യും രാഷ്ട്രീയ ഉദ്ദേശത്തോടെ കയ്യടക്കാനുള്ള ഉദ്യമത്തെ കരുതിയിരിക്കണമെന്നുള്ള ഡോ. ശശി തരൂരിന്റെ ഉദ്ബോധനങ്ങളും ദേശീയ വേദിയുടെ യോഗത്തിൽ ചർച്ച ചെയ്തു.

1896-ൽ തിലകൻ ബോംബെയിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൽ ആബാലവൃദ്ധം ജനങ്ങളാണ് ഗണേശപൂജയ്ക്കും വിഗ്രഹനിമജ്ജനത്തിനുമായി ഇറങ്ങിയത്. പ്രത്യക്ഷത്തിൽ മതപരിപാടിയായിരുന്നെങ്കിലും, ബ്രിട്ടീഷ് നയത്തോടുള്ള രാഷ്ട്രീയപ്രതികരണമായിരുന്നു ഇത്. മതപരമായ കാര്യങ്ങൾക്കൊഴികെ ജനങ്ങൾ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടുന്നത് ബ്രിട്ടീഷ് ഭരണകർത്താക്കൾ വിലക്കിയിരുന്നു.

ഇളവുനേടാൻ പര്യാപ്തമായവിധത്തിൽ, മതപരമായ പൊതുപരിപാടികൾ മുസ്ലിം, ക്രിസ്ത്യൻ, പാഴ്സി വിഭാഗങ്ങൾക്കുണ്ടെന്ന് തിലകൻ മനസ്സിലാക്കി. ഹിന്ദുക്കൾക്കാകട്ടെ, വ്യക്തഗത ആരാധനയുടെ പാരമ്പര്യമാണുള്ളത് എന്നതിനാൽ ബ്രിട്ടീഷ് വിലക്ക് കണിശമായി പാലിക്കേണ്ടിവന്നു. ഗണേശോത്സവം സംഘടിപ്പിക്കുകവഴി, മതപരമായ കാരണംപറഞ്ഞ് ബൃഹത്തായ ഒരു രാഷ്ട്രീയമുന്നേറ്റം കാഴ്ചവെക്കുകയാണ് തിലകൻ ചെയ്തത്.

1890-കളിൽ പടിഞ്ഞാറൻഭാരതത്തിൽ പടർന്നുപിടിച്ച പ്ലേഗിനെ നേരിടാൻ ബ്രിട്ടീഷ് ഭരണകർത്താക്കൾ കൈക്കൊണ്ട കിരാതനടപടികൾക്കെതിരേ വിപുലമായ ബഹുജനപ്രക്ഷോഭമാണ് തിലകൻ സംഘടിപ്പിച്ചത്. പ്ലേഗ് പരത്തുന്ന എലി ഹിന്ദുപുരാണത്തിൽ ഗണേശവാഹനമായി അവതരിപ്പിക്കപ്പെടുന്ന മൃഗമാണ് എന്നതിനാൽ, ഹൈന്ദവവിശ്വാസപ്രതിരോധമാണ് ഈ പ്രക്ഷോഭത്തിന്റെ യഥാർഥ ഉന്നമെന്ന് വ്യാഖ്യാനങ്ങളുണ്ടായി. എന്നാൽ, അതിരുവിട്ട ബ്രിട്ടീഷ് കല്പനകൾക്കെതിരേ ജനകീയപ്രതിരോധം ചമയ്ക്കുകയായിരുന്നു തിലകന്റെ ഉദ്ദേശ്യം.

ബർമയിലെ തടവറയിൽ ‘ഗീതാരഹസ്യ’മൊക്കെ എഴുതിയത് ഈ കാലയളവിലാണ്. ഈ ചിന്തോദ്ദീപകഗ്രന്ഥത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് ചിലർ തിലകനെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ബിംബനിരയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. പക്ഷേ, യഥാർഥത്തിൽ ഈ പുസ്തകവും രാഷ്ട്രീയപോരാട്ടത്തിന് മതപരമായ ന്യായീകരണം ചമയ്ക്കാനുള്ളൊരു ഗംഭീര ഉദ്യമമായിരുന്നു.തിലകന്റെ ഗീതാവ്യാഖ്യാനം പ്രവർത്തിക്കാനുള്ള ആഹ്വാനമായിരുന്നു.

‘കർമയോഗ’ത്തെ വാഴ്ത്തുന്ന കൃതിയായാണ് അദ്ദേഹം ‘ഭഗവദ്ഗീത’യെ കണ്ടത്. ‘നിഷ്കാമകർമം’ (വികാരനിരപേക്ഷമായ പ്രവൃത്തി) ആണ് അതുനൽകുന്ന കാതലായ ഉപദേശം. പക്ഷേ, വെറുമൊരു ധർമോപദേശമായല്ല ഇതിനെ തിലകൻ കണ്ടത്. സാമൂഹികസേവനം, സമൂഹത്തിനുവേണ്ടിയുള്ള ത്യാഗം, സമൂഹത്തോടുള്ള ഐക്യദാർഢ്യം എന്നിവയോടു ചേർന്നുനിൽക്കുന്ന ആശയമായാണ് അദ്ദേഹം ‘നിഷ്കാമകർമ’ത്തെ മനസ്സിലാക്കിയത്. അവനവന്റെ മാത്രമല്ല, രാഷ്ട്രത്തിന്റെയും വിമോചനത്തിനുവേണ്ടിയുള്ള ആത്മാർപ്പണമെന്ന ആശയത്തിന് ‘ഭഗവദ്ഗീത’യിലെ ‘കർമയോഗ’സിദ്ധാന്തം പിൻബലമേകുന്നതായി അദ്ദേഹം വാദിച്ചു. ജ്ഞാനദേവന്റെയും രാമാനുജന്റെയും ഗീതാവ്യാഖ്യാനങ്ങളെയും തന്റെതന്നെ ഗീതാവിവർത്തനത്തെയുമാണ് തിലകൻ ഇതിനായി വിനിയോഗിച്ചത്.

സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ധർമനിർവഹണമായിരുന്നുവെന്നതും അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെ പ്രത്യേകതയായിരുന്നു വെന്നും യോഗം വിലയിരുത്തി.

ചപലമായ ഉൾപ്രേരണകളെ ശ്വസനനിയന്ത്രണത്തിലൂടെയോ ധ്യാനത്തിലൂടെയോ അടക്കിനിർത്തുക എന്ന അർഥത്തിലാണ് ‘യോഗം’ എന്ന പദത്തെ തിലകൻ ഉൾക്കൊണ്ടത്. ‘സ്വരാജ്യം’ എന്ന ലക്ഷ്യപ്രാപ്തിക്കായി അനുഷ്ഠിക്കേണ്ട ആത്മനിയന്ത്രണവുമായാണ് അദ്ദേഹം അതിനെ ബന്ധപ്പെടുത്തിയത്. ‘നിഷ്കാമകർമ’ത്തിന്റെയും ‘സമാഖ്യയോഗ’ത്തിന്റെയും സമ്മിശ്രത്തെ ‘മാർഗ’മായും ‘കർമയോഗ’ത്തെ ‘ലക്ഷ്യ’മായും അദ്ദേഹം തന്റെ കൃതിയിൽ വിഭാവനംചെയ്തു.

യുദ്ധംചെയ്യാൻ അർജുനനെ പ്രോത്സാഹിപ്പിച്ച ഗീതാസന്ദേശം, ‘സ്വരാജ്യ’ത്തിനായി പോരാടാൻ ഇന്ത്യക്കാരെ പ്രചോദിപ്പിക്കണമെന്ന് തിലകൻ വാദിച്ചു. രാജ്യം വിദേശശക്തിക്കുകീഴിലകപ്പെട്ടിരിക്കുമ്പോൾ, സ്വാതന്ത്ര്യം നേടിയെടുക്കലാണ് ‘ധർമ’പ്രാപ്തിയെന്നതായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച വീക്ഷണം. സ്വാതന്ത്ര്യപ്പോരാട്ടമെന്ന ‘ധർമ’നിർവഹണത്തിന് ഇന്ത്യക്കാരെ പ്രചോദിപ്പിക്കാൻ ഹൈന്ദവ തത്ത്വശാസ്ത്രങ്ങളെ ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്.

ഹൈന്ദവ തത്വചിന്ത പൊതുവിൽ പരിത്യാഗത്തിലും ആത്മസാക്ഷാത്കാരത്തിലും ഊന്നുന്നതായിരുന്നതിനാലാണ് തിലകന് ഇത്തരമൊരു മാർഗം അവലംബിക്കേണ്ടിവന്നത്. കർമം, ധർമം, യോഗം തുടങ്ങിയ ആശയങ്ങളെ രാഷ്ട്രീയലക്ഷ്യത്തോടെ അദ്ദേഹം ബോധപൂർവം പുനർവ്യാഖ്യാനംചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു ആ രാഷ്ട്രീയലക്ഷ്യം. ‘പ്രവൃത്തി’യാണ് ഭഗവദ്ഗീതയിലെ ആഹ്വാനമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ വ്യാഖ്യാനത്തിൽ ആകൃഷ്ടനായ മഹാത്മാഗാന്ധി പിന്നീട് ‘ഗീത’യെ സമാനമായ രീതിയിൽ വിനിയോഗിച്ചു.

സർവോദാരമായ ഹിന്ദുദർശനത്തിന്റെ പ്രയോക്താവ്.

ഹിന്ദുമതവിശ്വാസങ്ങളിലുണ്ടാവുന്ന ഉണർവ് തങ്ങളുടെ രാഷ്ട്രീയലക്ഷ്യവുമായി പൊരുത്തപ്പെടുന്നതുമാത്രമല്ല, അതിന് അത്യന്താപേക്ഷിതംകൂടിയായിട്ടാണ് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കൾ കണ്ടത്. മദൻമോഹൻ മാളവ്യയുടെയും ലാൽ-ബാൽ-പാൽ ത്രയത്തിന്റെയും കാര്യത്തിൽ ഇതു പ്രത്യേകിച്ചും ശരിയാണ്.

ബ്രിട്ടീഷ് ഭരണത്തിനെതിരേ ഇന്ത്യൻ ദേശീയബോധം സ്വരൂപിക്കുന്നതിന് ഹിന്ദുക്കളെ ഉത്തേജിപ്പിക്കുന്നത് അനുഗുണമാണെന്ന് അവർ കരുതി. പക്ഷേ, തന്റെ ആരാധനാപാത്രമായ സ്വാമി വിവേകാനന്ദനെപ്പോലെത്തന്നെ, തിലകൻ വിശ്വാസമർപ്പിച്ചത് സർവോദാരമായ ഒരു ഹിന്ദുമതത്തിലാണ്. മതസ്വത്വത്തെക്കാൾ, ദേശീയബോധമാണ് അദ്ദേഹം കണക്കിലെടുത്തത്.

ഇന്ത്യയിലെ സാധാരണ ജനതയ്ക്കുവേണ്ടിയാണ് തിലകൻ ജീവിതമുഴിഞ്ഞുവെച്ചത്. ജനങ്ങൾ ആദരപൂർവ്വം ലോക മാന്യൻ എന്ന് വിളിച്ച അദ്ദേഹത്തിന് ഇനിയുമെത്ര നൂറു വർഷങ്ങൾ കഴിഞ്ഞാലും ജന ഹൃദയങ്ങളിൽ മരണമില്ല.അദ്ദേഹം ലോക ബഹുമാന്യ തിലകമാണെന്നും സൗഹൃ ദ ദേശീയ വേദി യോഗം വിശേഷിപ്പിച്ചു.. പ്രസിഡന്റ് പി. വി. സഹദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത്‌ തച്ചങ്കാട്, കൺവീനർ കെ. മണികണ്ഠൻ, പ്രമോദ്. കെ, സജീവ് . പി. ബി. എന്നിവർ പ്രസംഗിച്ചു.

×