Advertisment

സൂക്ഷിക്കുക, ബാങ്കുകൾ നമ്മെ കബളിപ്പിക്കുന്നുണ്ട് ! ഞാൻ നടത്തിയ പോരാട്ടം വിജയം കൈവരിച്ച അനുഭവങ്ങളിലൂടെ....

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഇക്കഴിഞ്ഞ സെപ്റ്റംബർ 3 ന് 'സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പണിതുടങ്ങി' എന്ന ശീർഷകത്തിൽ ഞാനൊരു പോസ്റ്റിട്ടിരുന്നത് ചിലരെങ്കിലും ഓർക്കുമല്ലോ ?

പത്തുവർഷം മുൻപ് ഞാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും എടുത്ത ഹൗസ് മെയിന്റനൻസ് ലോണിന് കോവിഡ് കാലത്ത് പ്രഖ്യാപിക്കപ്പെട്ട മൊറൊട്ടോറിയം ഞാൻ സ്വീകരിച്ചിരുന്നില്ല. കൃത്യമായി എല്ലാ മാസവും ഇഎംഐ അടച്ചുപോന്നു.

എന്നാൽ ഈ മാസം 1 ന് എൻ്റെ അക്കൗണ്ടിൽ നിന്നും മൊറൊട്ടോറിയം കാലത്തെ പലിശ എന്ന പേരിൽ 1937 രൂപ ബാങ്ക് നിയവിരുദ്ധമായി ഡെബിറ്റ് ചെയ്തത് പരാതിപ്പെട്ടപ്പോൾ മോറിറ്റോറിയം എടുത്തവർ ക്കൊപ്പം ഇഎംഐ മുടങ്ങാതെ അടച്ചവരിൽ നിന്നും പലിശ ഈടാക്കിയതാണെന്നും ആ തുക മൊത്തം ലോണിന്റെ പലിശ യിൽ കുറവ് വരുമെന്നും ഇതിൽ മറ്റൊന്നും ചെയ്യാനില്ലെന്നും ബാങ്ക് മാനേജരും ഉന്നത അധികാരികളും എന്നെ അറിയിച്ചു.

എസ്ബിഐ യുടെ ഈ നിയമവിരുദ്ധമായ നടപടി ഉൾക്കൊള്ളാൻ ഞാൻ വളരെ പാടുപെട്ടു. വിഷയം 1937 രൂപയല്ല.ഒരു മുടക്കവും വരുത്താതെ കൃത്യമായി ഇടപാടുകൾ നടത്തുന്ന ഒരു കസ്റ്റമറായ എന്നെ ബാങ്ക് കബളിപ്പിച്ചു എന്ന തോന്നൽ മനസ്സിൽ ബലപ്പെട്ടു.

അപ്പോഴാണ് ലോണുകൾക്ക് അടുത്ത രണ്ടു വർഷത്തേക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട്, പണം കൃത്യമായി തിരിച്ചടയ്ക്കുന്ന കസ്റ്റമേഴ്സിൽ നിന്നും ബാങ്കുകൾ പലിശ ഈടാക്കിയിട്ടില്ല എന്ന് 05/09/2020 ൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചവിവരം യാദൃശ്ചികമായി ചാനൽ വാർത്തയിലൂടെ ഞാൻ അറിയുന്നത്. സർക്കാർ കോടതിയെ അറിയിച്ചതിനു ഘടകവിരുദ്ധമായാണ് ബാങ്ക് എന്നോട് ഇല്ലാത്ത പലിശ ഈടാക്കിയത്.

ഒട്ടും അമാന്തിച്ചില്ല, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഹിന്ദിയിൽ ഒരു കത്തു തയ്യറാക്കി പകർപ്പുകൾ ആര്‍ബിഐ ഗവർണ്ണർക്കും എസ്ബിഐ ചെയർമാനും എസ്ബിഐ തിരുവനന്തപുരം റീജിണൽ മാനേജർക്കും ഒപ്പം ബഹുമാനപ്പെട്ട കൊല്ലം എം.പി. ശ്രീ പ്രേമചന്ദ്രനും അന്നുതന്നെ ( 05/09/2020) ഞാൻ മെയിൽ ചെയ്തു.

എന്നെ അമ്പരപ്പിച്ചുകൊണ്ട് അന്നു വൈകിട്ടുതന്നെ 4.40 ന് എസ്ബിഐ ചെയർമാന്റെ മറുപടി മെയിൽ വന്നു, വിഷയം അടിയന്തരമായി അന്വേഷിക്കാൻ എസ്ബിഐ തിരുവനന്തപുരം റീജിയണൽ മാനേജരെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹത്തിൻ്റെ മെയിൽ ഐ.ഡി, നമ്പർ എന്നിവയും അതിൽ രേഖപ്പെടുത്തിയിരുന്നു.പിറ്റേദിവസം ഞായർ അവധിയായിരുന്നു.

തിങ്കളാഴ്ചദിവസം രാവിലെതന്നെ എസ്ബിഐ ബ്രാഞ്ച് മാനേജരുടെ വിളിയെത്തി. അധികമായി പലിശ ഈടാക്കിയത് തെറ്റായിപ്പോയെന്നും ആ തുക ഉടൻതന്നെ സാറിന്റെ അക്കൗണ്ടിലേക്ക് റിവേഴ്‌സ് ചെയ്യാമെന്നും ഇനിയൊ രിക്കലും ഇത്തരമൊരു സംഭവം ആവർത്തിക്കില്ലെന്നും പരാതി പിൻവലിക്കണമെന്നും അവർ എന്നോട ഭ്യർത്ഥിച്ചു.

അൽപ്പസമയത്തിനകം എൻ്റെ അക്കൗണ്ടിലേക്ക് തുക റിവേഴ്‌സ് ആകുകയും ചെയ്തു. അങ്ങനെ വലിയ ഒരു ചോദ്യചിഹ്നം മനസ്സിൽ ഉടലെടുത്തിരുന്നത് കെട്ടടങ്ങി.

തുക എത്ര ചെറുതായാലും അത് നമ്മളിൽ നിന്ന് ആരെങ്കിലും തട്ടിപ്പറിച്ചാൽ സഹിക്കാനാകില്ല. ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്.

ഇത്തരത്തിലുള്ള അനുഭവം പലർക്കുമുണ്ടായി കാണും. അവരോട് ഒരഭ്യർത്ഥന മാത്രം , നീതിയുക്തമല്ലെന്ന് ബോദ്ധ്യം വന്നാൽ മേലധികാരികളോട് പരാതിപ്പെടാൻ ഒരിക്കലും അമാന്തിക്കരുത്. അത് നമ്മുടെ അധികാരമാണ്, അവകാശമാണ്.

ചിത്രം :

1 .ഹിന്ദിയിൽ അയച്ച പരാതി

publive-image

2 . SBI ചെയർമാന്റെ മറുപടി മെയിൽ

publive-image

3 . ബാങ്ക് തുക റിവേഴ്‌സ് ചെയ്തിരിക്കുന്നു

publive-image

 

PRATHIKARANAM
Advertisment