/sathyam/media/post_attachments/lyYYcUXlLzkdXfiavMSC.jpg)
മണ്ണാർക്കാട്: കോവിഡ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അടഞ്ഞുകിടക്കുമ്പോഴും കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ വിദ്യാലയാങ്കണത്തിൽ പുനർജനിച്ചത് തികച്ചും കൗതുകമായി.മണ്ണാർക്കാട് ജിഎംയുപി സ്കൂളിലാണ് വ്യതിരിക്തമായ ഈ പ്രവർത്തനം അരങ്ങേറിയത്.
ബഷീറിന്റെ കഥാലോകം ആവിഷ്ക്കരിച്ചുകൊണ്ടാണ് സ്കൂൾ വായന ക്ലബ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. മണ്ണാർക്കാട്ടെ സാമൂഹ്യപ്രവർത്തകൻ പാലപ്പുറവൻ മുഹമ്മദ് ബാപ്പു ബഷീറിന്റെ സ്പന്ദിക്കുന്ന ഓർമ്മകളുമായി സ്കൂളിന്റെ തിരുമുറ്റത്തെത്തി.
ചാരുകസേരയിൽ ഗ്രാമഫോണും മുറിബീഡിയും കട്ടൻചായയും കോളാമ്പിയും സന്തതസഹചാരികളായി ഒത്തുകൂടിയപ്പോൾ നല്ലൊരു ബഷീർകാഴ്ച തന്നെയായിരുന്നു അത്.
ബഷീറിന്റെ കഥാപാത്രങ്ങളായ ഉണ്ടക്കണ്ണൻ, അദ്രു,ഒറ്റക്കണ്ണൻ, പോക്കർ, ഉണ്ടപ്പാറു, എട്ടുകാലിമമ്മൂഞ്ഞ്, ആനവാരി, രാമൻനായർ , പൊൻകുരിശ് തോമ, കുഞ്ഞുപാത്തുമ്മ ഒപ്പം പാത്തുമ്മയുടെ ആട് മുതൽ ഉപ്പുപ്പാന്റെ ആന വരെ വേഷപ്രച്ഛന്നരായി ഓൺലൈനിലൂടെ കുട്ടികൾ രംഗത്തെത്തിച്ചു.
അനുസ്മരണ പരിപാടിയും വായനപക്ഷാചരണത്തിന്റെ സമാപനവും എസ്എസ്കെ പാലക്കാട് ജില്ലാ കോഓർഡിനേറ്റർ എം.കെ നൗഷാദലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി.കെ അഫ്സൽ അധ്യക്ഷനായി. ബഷീർ അനുസ്മരണം പ്രമുഖ ബാലസാഹിത്യകാരി സിനാഷ കാസർകോട് നിർവഹിച്ചു.