നടി ഭാമയുടെ വിവാഹം കഴിഞ്ഞ ദിവസം കോട്ടയത്തായിരുന്നു. വിവാഹത്തിന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ വിവാഹവിരുന്ന് നടത്തുമെന്ന് ഭാമ നേരത്തെ പറഞ്ഞിരുന്നു.
വിവാഹത്തിന് പിന്നാലെയായി നടന്ന വിരുന്നിലേക്ക് സിനിമാ-സീരിയല്‍ രംഗം ഒന്നടങ്കം എത്തിയിരിക്കുകയാണ്. ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. നെടുമ്പാശ്ശേരിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഭാമയുടെ വിവാഹവിരുന്ന്. സിനിമാ മേഖലയിലുള്ളവരും സീരിയല്‍ രംഗത്തുള്ളവരുമൊക്കെയായി വന്‍താരനിരയാണ് ചടങ്ങില്‍ പങ്കെടുത്തത്. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച പലരും ആഘോഷമാക്കി മാറ്റുന്നുമുണ്ടായിരുന്നു. സിനിമാതിരക്കുകള്‍ക്കിടയിലും ഭാമയേയും അരുണിനേയും ആശീര്‍വദിക്കാനായാണ് ചിലരെത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറിയിരുന്നു ഭാമ.
സ്‌റ്റൈലിഷ് ലുക്കിലായിരുന്നു അരുണ്‍, പതിവ് പോലെ സിംപിളായാണ് ഭാമയും പ്രത്യക്ഷപ്പെട്ടത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു നവദമ്പതികള്‍ എത്തിയത്. വിവാഹദിനത്തിനേക്കാളും മനോഹരമായിരിക്കുന്നു ഈ വരവെന്നാണ് ആരാധകരും പറയുന്നത്. സിനിമാതാരമല്ലെങ്കില്‍ക്കൂടിയും നായകനാവാനുള്ള സകലയോഗ്യതയും അരുണിനുണ്ടെന്നായിരുന്നു നേരത്തെ ആരാധകര്‍ അഭിപ്രായപ്പെട്ടത്. വിജയ് യേശുദാസ്, നവീന്‍ തുടങ്ങിയവരെപ്പോലെ തോന്നുന്നുവെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്.
ശ്രീനിവാസന്‍, മേജര്‍ രവി, സലീം കുമാര്‍, ജനാര്‍ദ്ദനന്‍, ഷിയാസ് കരീം, ഗോവിന്ദ് പത്മസൂര്യ, പ്രിയങ്ക, ഷാലിന്‍ സോയ, റിമി ടോമി, നമിത പ്രമോദ്, ബിന്ദുപണിക്കര്‍, കല്യാണി, മുക്ത, ശരണ്യ മോഹന്‍ തുടങ്ങി നിരവധി പേരാണ് വിവാഹവിരുന്നില്‍ പങ്കെടുക്കാനെത്തിയത്. ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷമായാണ് പലരും നവദമ്പതികളെ കാണാനായി പോയത്.
പ്രണയവിവാഹമാണോയെന്ന ചോദ്യം ഭാമയ്ക്ക് നേരെ ഉയര്‍ന്നിരുന്നു. പക്കാ അറേഞ്ച്ഡായുള്ള വിവാഹമാണ് ഇതെന്നായിരുന്നു താരം പറഞ്ഞത്. വീട്ടുകാര്‍ കണ്ടെത്തിയ പയ്യനാണ്. ചേച്ചിയുടെ ഭര്‍ത്താവും അരുണും പരിചയക്കാരാണ്. ആ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയത്. ചെന്നിത്തല സ്വദേശിയാണ് അരുണ്‍. കാനഡയിലാണ് പഠിച്ചത്. വിവാഹശേഷം കൊച്ചിയില്‍ സെറ്റിലാവാനുള്ള തീരുമാനത്തിലാണ് തങ്ങളെന്നും ഭാമ പറഞ്ഞിരുന്നു.
വിവാഹം ഉറപ്പിച്ചതിന് ശേഷമുള്ള പ്രണയം ഏറെ സ്പെഷലാണ്. താനും അരുണും അതാസ്വദിച്ചിരുന്നുവെന്നും പ്രത്യേകമായൊരു അനുഭവമാണ് അതെന്നും ഭാമ പറഞ്ഞിരുന്നു. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി ഭാമ എത്തിയപ്പോള്‍ അരുണും ഒപ്പമുണ്ടായിരുന്നു. തന്നെ ഒരു അഭിനേത്രിയായല്ല അദ്ദേഹം കാണുന്നതെന്നും അങ്ങനെയൊരാളെയാണ് താന്‍ ആഗ്രഹിച്ചതെന്നും താരം നേരത്തെ പറഞ്ഞിരുന്നു. എല്ലാവരും തങ്ങളെ അനുഗ്രഹിക്കണമെന്ന് വിവാഹ ദിനത്തില്‍ ഭാമ പറഞ്ഞിരുന്നു.
ആഗ്രഹിച്ചത് പോലെ
ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷമുള്ള ദിവസമാണ്, എല്ലാവരും ഇവിടെ വന്നതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര നന്ദിയുണ്ട്. നിങ്ങളെ കുറച്ച് നേരം പുറത്ത് നിര്‍ത്തേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു. വിവാഹ ദിനത്തില്‍ ഭാമ സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയായിരുന്നു. പിന്നീടാണ് ഭാവി പരിപാടികളെക്കുറിച്ചും സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുമൊക്കെ വ്യക്തമാക്കിയത്.
പതിവ് നായികമാരെപ്പോലെയാവുമോ ഭാമയെന്ന് നേരത്തെ ആരാധകരും ചോദിച്ചിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ തുടരുമോയെന്ന് ചോദിച്ചപ്പോള്‍ അരുണിന്റെ മുഖത്തേക്കായിരുന്നു ഭാമയുടെ നോട്ടം. പിന്നീട് അരുണായിരുന്നു ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. പുള്ളിക്കാരിയുടെ ഇഷ്ടം പോലെയെന്ന മറുപടിയായിരുന്നു അദ്ദേഹത്തിന്റേത്.
ഒരു വര്‍ഷമായി താന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെന്നും മികച്ച കഥാപാത്രത്തെ ലഭിച്ചാല്‍ തിരികയെത്തുമെന്ന് ഭാമയും കൂട്ടിച്ചേര്‍ത്തിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയിലേക്ക് എത്തിയത്. 2007ലായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്.
9 വര്‍ഷം സിനിമയില്‍ സജീവമായിരുന്നു ഈ നായിക. മറുപടിയാണ് താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്തിയ ഒടുവിലത്തെ സിനിമ. ഏറെ പ്രധാന്യമുള്ളൊരു കഥാപാത്രത്തെയായിരുന്നു ലഭിച്ചത്. അത് പോലുള്ള ക്യാരക്ടര്‍ ലഭിച്ചാല്‍ ഏറ്റെടുക്കുമെന്നും ഭാമ പറഞ്ഞിരുന്നു.