/sathyam/media/post_attachments/Jfaq8qXmI5cDmQgx5sCs.jpg)
പാലാ:ദേശീയപാത 183-ലെ മണർകാട് ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച് പാലാ വഴി കടന്നു പോകുന്ന മണർകാട് - അയർകുന്നം - കിടങ്ങൂർ - പാലാ - കരിംകുന്നം - വെങ്ങല്ലൂർ വഴി എറണാകുളം ജില്ലയിൽ ദേശീയപാത 85-ലെ ഊന്നുകൽ വരെയുള്ള റോഡ് കേന്ദ്ര സർക്കാരിൻ്റെ ഭാരത് മാല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് ഇടം പിടിച്ചു.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ഠ പദ്ധതി. ഭാരത് മാല റോഡ് പദ്ധതി ൽ 11 റോഡുകളാണ് കേരളത്തിൽ നവീകരിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് റോഡ് വികസന പദ്ധതികൾക്ക് തീരുമാനമായത്. കോട്ടയം ജില്ലയിൽ ചങ്ങനാശേരി - വാഴൂർ - 14-ാം മൈൽ റോഡും ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരക്കേറിയ കിടങ്ങൂർ - മണർകാട് റോഡ് വികസനം ദ്വീർഘകാലമായുള്ള ആവശ്യമായിരുന്നു. പാലാ മേഖലയിൽ നിന്നും തിരുവനന്തപു രത്തേയ്ക്കുള്ള സമാന്തരപാത കൂടിയാണ് കിടങ്ങൂർ - മണർകാട് - പുതുപ്പള്ളി - തിരുവല്ല റോഡ്.
കിടങ്ങൂർ - മണർകാട് റോഡ് വികസിപ്പിക്കുന്നതോടെ ഈ ഭാഗത്തേയ്ക്കുള്ള യാത്ര സുഗമമാകും. ഏറ്റുമാനൂർ വഴിയുള്ള യാത്രാ തിരക്ക് കുറയുന്നതിനും ഈ റോഡ് വികസനം വളരെ സഹായകരമാകും.
വീതി കുറഞ്ഞ് ഇടുങ്ങിയ അയർ കുന്നം ഭാഗത്ത് നിർദ്ദിഷ്ഠ പദ്ധതിയിൽ ബൈപാസ് വിഭാവനം ചെയ്തിട്ടുണ്ട്. ഇതോടെ ഈ ഭാഗത്തെ വളവുകളും ഇല്ലാതാകും. അയർക്കുന്നത്തിൻ്റെ മുഖഛായ മാറ്റുന്നതോടൊപ്പം പുതിയ ഒരു സമാന്തര റോഡ് കൂടി ഈ ഭാഗത്ത് ഉണ്ടാവും.
16 മീറ്റർ വരെ വീതിയിൽ റോഡ് പുനർനിർമ്മിക്കുവാനാണ് പദ്ധതി. നിലവിൽ 10-12 മീറ്റർ വരെ വീതി പല ഭാഗത്തും ഉണ്ട്. അതിനാൽ കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരില്ല. അപകടകരമായ വളവുകൾ ഒഴിവാക്കപ്പെടുകയും ചെയ്യും.
റോഡ് നവീകരണം പൂർത്തിയാകുന്നതോടെ യാത്രാ സമയത്തിൽ 10-15 മിനിട്ടു വരെ ലാഭിക്കുവാനും കഴിയും. ഇദ്ധന ചിലവും കുറയും. ഇപ്പോൾ 6-7 മീറ്റർ ടാറിംഗ് വീതി മാത്രമുള്ള ഈ റോഡ് 10 മീറ്റർ ടാറിംഗ് വീതിയോടു കൂടിയും നടപ്പാതയും കൂടി ഉൾപ്പെടുത്തിയായിരിക്കും പുനർനിർമാണം.
പാലാ അരുണാപുരം മുതൽ തൊടുപുഴ വെങ്ങല്ലൂർ വരെ നവീകരണം ഉണ്ടാവില്ല. അരുണാപുരം മുതൽ തൊടുപുഴ റോഡിലെ കിഴതടിയൂർ ജംഗ്ഷൻ വരെ പാലാ ബൈപാസ് പൂർത്തിയായതും പാലാ മുതൽ വെങ്ങല്ലൂർ വരെയുള്ള സംസ്ഥാന പാത നവീകരിക്കപ്പെട്ടതിനാലുമാണ് ഈ ഭാഗം ഒഴിവാക്കി അവശേഷിക്കുന്ന ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്.
45 കി.മീ. ഭാഗമാണ് ഈ പദ്ധതിയിൽ പുതിയതായി നവീകരിക്കപ്പെടുക. സർക്കാർ സ്ഥാപനമായ കിറ്റ്കോയ്ക്കായിരുന്നു റോഡ് നവീകരണത്തിനായുള്ള വിശദമായ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ചുമതല. ഇവർ തയ്യാറാക്കിയ രൂപരേഖയാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്.
അലൈൻമെൻ്റ് പ്രകാരം ഏറ്റെടുക്കേണ്ട സ്ഥലം കല്ലിട്ട് തിരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതുണ്ട്. മുൻ കാലങ്ങളിൽ നിന്നും നഷ്ടപരിഹാര തുക ഉയർന്ന നിരക്കിൽ ലഭിക്കുന്നതിനാൽ ഭൂമി വിട്ടു നൽകുന്നതിനോട് ഭൂഉടമകൾക്ക് താത്പര്യമായതും പദ്ധതി നടപ്പിലാക്കുന്നതിൽ വേഗംകൈവരിക്കും എന്ന് കരുതുന്നു.
15 മീറ്റർ വീതിയുള്ള പാലാ കിഴതടിയൂർ ബൈപാസ് പോലെ ഡിവൈഡർ കൂടി ഉൾപ്പെടുത്തി നിർമ്മിച്ചാൽ അപകട സാദ്ധ്യത ഇല്ലാതാക്കാനാവും എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറ്റുമാനൂർ - പാലാ റോഡ് 4 വരിയാക്കുവാൻ 2016-17 ലേക്കുള്ള സംസ്ഥാന ബജറ്റിൽ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ല.
ഭാരത് മാല പദ്ധതിയിൽ റോഡ് നവീകരണം നടക്കുമ്പോൾ കിടങ്ങൂർ - അരുണാപുരം ഭാഗത്തെ മുഴുവൻ റോഡ് വീതിയും പ്രയോജനപ്പെടുത്തി ഡിവൈഡർ കൂടി ഉൾപ്പെടുത്തിയാൽ 4 വരി പാതയുടെ പ്രയോജനം ലഭിക്കുകയും അപകട സാദ്ധ്യത ഇല്ലാതാക്കുവാനും കഴിയുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us