New Update
Advertisment
ചെന്നൈ; അജിത്ത് സിനിമ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെ അപകടം. ചെന്നൈയിൽ ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീണ് മരിച്ചു. ചെന്നൈ കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്.
രോഹിണി തീയറ്ററിന് സമീപമാണ് അപകടം നടന്നത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആരാധകർ റിലീസ് ആഘോഷമാക്കുകയായിരുന്നു. അതിനിടെയാണ് അതുവഴിവന്ന ടാങ്കർ ലോറി തടഞ്ഞു നിർത്തി ഭാരത് കുമാർ അതിനു മുകളിൽ കയറിയത്. നൃത്തം ചെയ്യുന്നതിനിടെ കാൽവഴുതി താഴെ വീഴുകയായിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ഭാരതിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
തുനിവ് റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷപരിപാടികളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. ചെന്നൈയിലെ മറ്റൊരു സിനിമാ തീയറ്ററിന് മുന്നിൽ അജിത് ആരാധകരും വിജയ് ആരാധകരും തമ്മിൽ ഏറ്റുമുട്ടി സംഘർഷം സൃഷ്ടിച്ചിരുന്നു.