വഴുതന നടേണ്ട കാലാവസ്ഥ ഏത്?

Wednesday, May 12, 2021

രുചികരമായ നിരവധി വിഭവങ്ങള്‍ വഴുതനങ്ങ കൊണ്ടു നാം പാകം ചെയ്യുന്നു. പ്രമേഹത്തിനെ നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും വഴുതന നല്ലതാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ ഇരുമ്പിന്റെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. കലോറി വളരെ കുറവായതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും വഴുതന ഒരു പരിധി വരെ ഫലപ്രദമാണ്.ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന.


പ്രധാന ഇനങ്ങള്‍

നിരവധി ഇനം വഴുതനകള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്. ശ്വേത (വെളുത്ത കളര്‍ , ഇടത്തരം നീളം), ഹരിത (ഇളം പച്ച, നല്ല നീളമുള്ളത്), നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) ഇവയാണ് പ്രധാന വഴുതന ഇനങ്ങള്‍.

ഏപ്രില്‍- മേയ്, സെപ്റ്റംബര്‍- ഒക്‌റ്റോബര്‍ മാസങ്ങളാണ് വഴുതന നടാന്‍ നല്ലത്. വിത്ത് പാകിയാണ് വഴുതന തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്ത് അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുക. വിതയ്ക്കുന്ന വിത്തുകള്‍ എല്ലാം മുളക്കില്ല. വളര്‍ന്നു വരുന്നവയില്‍ തന്നെ ആരോഗ്യമുള്ളവ മാത്രം എടുക്കുക. ഗ്രോ ബാഗ്/ചെടി ചട്ടി അല്ലെങ്കില്‍ തറയില്‍ വിരിച്ച മണലിലോ വിത്ത് വിതക്കാം.

രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം സ്യുഡോമോണസ് ലായനിയില്‍(ഇരുപതു ശതമാനം വീര്യം) മുക്കി വെക്കുന്നത് നല്ലതാണ് (ഒരു തുണിയില്‍ വിത്തുകള്‍ കെട്ടി മുക്കി വെക്കാം).വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോഴും ശ്രദ്ധിക്കണം, വെള്ളം നേരിട്ട് ഒഴിക്കാതെ തളിച്ചു കൊടുക്കണം. വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകള്‍ അല്ലെങ്കില്‍ വഴുതന തൈകള്‍ പത്ത് സെന്റീമീറ്റര്‍ ഉയരം വന്നാല്‍ മാറ്റി നടാം.

ആരോഗ്യമുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കിയെടുക്കാം. വൈകുന്നേരമാണ് നടാന്‍ നല്ല സമയം. നിലം തയ്യാറാക്കുമ്പോള്‍ ബാക്ടീരിയ മൂലുമുള്ള വാട്ടരോഗം ഒഴിവാക്കാന്‍ കുമ്മായം വിതറുന്നത് നല്ലതാണ്. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ്/ പ്ലാസ്റ്റിക് ചാക്ക് ഇവ ഉപയോഗിക്കാം.

മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലര്‍ത്തിയ നടീല്‍ മിശ്രിതമാണ് നല്ലത്. അടിവളമായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് 15 ദിവസം കൂടുമ്പോള്‍ ജൈവവളം ഇട്ടു കൊടുക്കാം. സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.

×