അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഒരുവശത്ത്, പാർലമെന്റ് തിരഞ്ഞെടുപ്പ് മറുവശത്ത്. നികുതിയും നിരക്കുകളും കൂട്ടാതെയും പരമാവധി ജനപ്രിയമാക്കിയും ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ബാലഗോപാൽ. പെട്രോൾ, ഡീസൽ സെസ് പിൻവലിച്ചേക്കില്ല. പുതിയ നികുതികൾ അടിച്ചേൽപ്പിക്കില്ല. യാഥാർത്ഥ്യ ബോധത്തോടെയുള്ള ബജറ്റാവുമെന്ന് ധനമന്ത്രി

പുതിയ നികുതി നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാവാൻ ഇടയില്ല. ബാലഗോപാൽ തന്റെ നാലാമത്തെ ബജറ്റാണ് തിങ്കളാഴ്ച അവതരിപ്പിക്കുന്നത്. അസാധാരണമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബജറ്റ് ജനപ്രിയമാക്കാനുള്ള കടുത്ത വെല്ലുവിളിയാണ് ധനമന്ത്രിയെ കാത്തിരിക്കുന്നത്.

New Update
kn balagopal budjet

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തികച്ചും ജനപ്രിയ പ്രഖ്യാപനങ്ങളടങ്ങിയ ബജറ്റാവും തിങ്കളാഴ്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുക. 

Advertisment

പുതിയ നികുതി നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാവാൻ ഇടയില്ല. ബാലഗോപാൽ തന്റെ നാലാമത്തെ ബജറ്റാണ് തിങ്കളാഴ്ച അവതരിപ്പിക്കുന്നത്. അസാധാരണമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബജറ്റ് ജനപ്രിയമാക്കാനുള്ള കടുത്ത വെല്ലുവിളിയാണ് ധനമന്ത്രിയെ കാത്തിരിക്കുന്നത്.

കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, വ്യവസായിക, ആരോഗ്യ, വിദ്യാഭ്യാസ സാഹചര്യങ്ങൾ അടുത്ത കാൽ നൂറ്റാണ്ടിനുള്ളിൽ  വികസിത രാജ്യങ്ങളുടേതു പോലെയായാക്കാനുള്ള കരുതലോടെയാവും ഇക്കൊല്ലത്തെ ബജറ്റ് വരിക. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്.  


സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ കഴിഞ്ഞ മൂന്ന് വർഷവും വൻ കുതിപ്പാണുണ്ടായത്. 28000 കോടിയിൽ നിന്ന് 47000 കോടിയായും കഴിഞ്ഞ വർഷം 72000 കോടിയായുമാണ് വർദ്ധന. മൊത്തം ചെലവിന്റെ 71 ശതമാനവും കണ്ടെത്തുന്നത് സംസ്ഥാനം നേരിട്ടാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് 50 ശതമാനത്തിൽ താഴെയാണ്. ബാക്കിയാണ് കേന്ദ്രസർക്കാർ നൽകുന്നത്. 


അതേസമയം കേന്ദ്രസർക്കാർ പദ്ധതികളിൽ നൽകുന്ന ഗ്രാന്‍റ്, ധനകാര്യകമ്മിഷൻ നൽകുന്ന റവന്യു ഡെഫിസിറ്റ് ഗ്രാന്‍റ് പോലുളള സഹായങ്ങളിലെല്ലാം കേരളത്തിന് വൻ വെട്ടിക്കുറവാണ് നടത്തിയത്. വായ്പാപരിധിയിൽ യുക്തിസഹമല്ലാത്ത അമിത നിയന്ത്രണവും കൊണ്ടുവന്നു.

അതോടെ സംസ്ഥാനത്തിന് 57000 കോടിയോളം രൂപയുടെ വരുമാനക്കുറവുണ്ടായി. ഈ സാഹചര്യത്തിൽ വരുമാനവും പദ്ധതികൾക്കുള്ള പണവും കണ്ടെത്താൻ ധനമന്ത്രിക്ക് മുന്നിൽ അധികം വഴികളില്ല.


യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനമായിരിക്കും ബജറ്റിലുണ്ടാവുക. സംസ്ഥാനത്തിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള പദ്ധതികളുണ്ടാകും. വളർച്ചയ്ക്കുള്ള വഴികൾ തുറക്കും. അതിലേക്ക് വരാൻ എല്ലാവർക്കും സാഹചര്യമൊരുക്കും. അത് പ്രയോജനപ്പെടുത്താൻ സംവിധാനങ്ങളുണ്ടാക്കും. വികസനത്തിന് സ്വകാര്യ മേഖലയുടെ സംഭാവനയും പ്രയോജനപ്പെടുത്തും. 


പത്തും നാല്പതും വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന നിരവധി നിരക്കുകളുണ്ട്. അതിൽ ചിലത് കൂട്ടേണ്ടിവരുമെന്ന് ധനമന്ത്രി പറയുന്നുണ്ട്. എന്നാൽ ജനങ്ങളെ പൊതുവേ മൊത്തത്തിൽ ബാധിക്കുന്ന തരത്തിൽ നികുതി വർദ്ധനവ് ഉണ്ടാവില്ലെന്ന് ഉറപ്പാണ്. കഴിഞ്ഞ തവണ പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ഇനത്തിൽ കൂട്ടിയത് ഇത്തവണയും പിൻവലിക്കാൻ ഇടയില്ല.  

ക്ഷേമപെൻഷൻ കൃത്യമായി നൽകുന്നതും സർക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. ക്ഷേമപെൻഷൻ കൃത്യമായി കൊടുക്കുമെന്നത് ഇടതുമുന്നണി സർക്കാരിന്റെ വാഗ്ദാനമാണ്. കൃത്യമായി കൊടുക്കാൻ പ്രത്യേക കമ്പനി രൂപീകരിച്ച് പണം കണ്ടെത്താൻ സംവിധാനമുണ്ടാക്കി. അതിലൂടെ ലഭ്യമാക്കുന്ന പണം സംസ്ഥാനത്തിന്റെ പൊതുവായ്പയിൽ പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ അതിന് തടയിട്ടതാണ് പ്രശ്നമായത്. നാലുമാസത്തെ കുടിശ്ശികയാണ് ഇതുവരെയുള്ളത്.

Advertisment