ബജറ്റ് 2026: 'ഓപ്പറേഷൻ സിന്ദൂർ' നൽകുന്ന പാഠം; പ്രതിരോധ വിഹിതം ജിഡിപിയുടെ 2.5 ശതമാനമായി ഉയർത്തണം

ചൈനയുടെയും പാകിസ്ഥാന്റെയും അത്യാധുനിക മിസൈല്‍ കരുത്തിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ തന്ത്രപ്രധാന സേനയെ ആധുനികീകരിക്കേണ്ടതുണ്ട്.

New Update
Untitled

ഡല്‍ഹി: പാകിസ്ഥാന്‍-ചൈന സൈനിക അച്ചുതണ്ടിന്റെ വെല്ലുവിളികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, വരാനിരിക്കുന്ന 2026-27 കേന്ദ്ര ബജറ്റില്‍ ഇന്ത്യയുടെ പ്രതിരോധ വിഹിതം ജിഡിപിയുടെ 2.5 ശതമാനമായി ഉയര്‍ത്തണമെന്ന് വിദഗ്ധര്‍.

Advertisment

'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നീക്കത്തിന് ശേഷം മാറിയ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ മേഖലയില്‍ വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമാണെന്നാണ് വിലയിരുത്തല്‍.


പാകിസ്ഥാനും ചൈനയും തങ്ങളുടെ സൈനിക തന്ത്രങ്ങളും ലോജിസ്റ്റിക്‌സും ഏകോപിപ്പിക്കുന്നത് ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. ഇതിനുപുറമെ, ബംഗ്ലാദേശിലെ ആഭ്യന്തര മാറ്റങ്ങള്‍ കിഴക്കന്‍ അതിര്‍ത്തിയെയും അശാന്തമാക്കിയിരിക്കുന്നു.


മുന്‍പ് 'രണ്ടര മുന്നണി' യുദ്ധത്തിന് തയ്യാറെടുത്തിരുന്ന ഇന്ത്യ, ഇപ്പോള്‍ സപൂര്‍ണ്ണമായ ഒരു 'മൂന്ന് മുന്നണി' യുദ്ധസാധ്യതയാണ് നേരിടുന്നത്. ഇതിനുള്ള പ്രതിരോധ കവചമായി 2026-27 ബജറ്റ് മാറണമെന്നാണ് ആവശ്യം.

ബജറ്റ് പ്രതീക്ഷകള്‍ ചുരുക്കത്തില്‍:

വിഹിതം: പ്രതിരോധ മന്ത്രാലയം 20 ശതമാനം വര്‍ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പിലായാല്‍ പ്രതിരോധ ബജറ്റ് 8.17 ലക്ഷം കോടി (ഏകദേശം 100 ബില്യണ്‍ ഡോളര്‍) കടക്കും.

മൂലധന ചെലവ് : ആയുധങ്ങളും സാങ്കേതികവിദ്യയും വാങ്ങുന്നതിനുള്ള വിഹിതം ജിഡിപിയുടെ 1 ശതമാനമെങ്കിലും (ഏകദേശം 40 ബില്യണ്‍ ഡോളര്‍) ആകണം.

നിലവില്‍ പ്രതിരോധ ബജറ്റിന്റെ 5.75% മാത്രം ആര്‍&ഡി വിഭാഗത്തിന് നല്‍കുന്നത് 10 ശതമാനമായി ഉയര്‍ത്തണം. ഇത് എന്‍ജിനുകള്‍ക്കും മറ്റ് സാങ്കേതികവിദ്യകള്‍ക്കും വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.

മള്‍ട്ടി-റോള്‍ യുദ്ധവിമാനങ്ങള്‍ , ആറ് ആണവ അന്തര്‍വാഹിനികള്‍, എസ്-400 മിസൈല്‍ സ്‌ക്വാഡ്രണുകള്‍ എന്നിവയ്ക്കായി അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഏകദേശം 2 ലക്ഷം കോടി ആവശ്യമാണ്. ബജറ്റിലെ 25% വിഹിതം തദ്ദേശീയ സംഭരണത്തിനായി മാറ്റിവെക്കുന്നത് ഉത്തര്‍പ്രദേശിലെയും തമിഴ്നാട്ടിലെയും ഡിഫന്‍സ് കോറിഡോറുകള്‍ക്ക് കരുത്താകും. സ്വകാര്യ മേഖലയെക്കൂടി പ്രതിരോധ നിര്‍മ്മാണത്തില്‍ പങ്കാളികളാക്കുന്നതോടെ ആയുധ നിര്‍മ്മാണത്തിലെ കാലതാമസം ഒഴിവാക്കാന്‍ സാധിക്കും.

എന്തുകൊണ്ട് ഈ നിക്ഷേപം അനിവാര്യം?

ചൈനയുടെയും പാകിസ്ഥാന്റെയും അത്യാധുനിക മിസൈല്‍ കരുത്തിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ തന്ത്രപ്രധാന സേനയെ ആധുനികീകരിക്കേണ്ടതുണ്ട്.


പ്രതിരോധത്തിനായി ചിലവാക്കുന്ന ഓരോ രൂപയും ജിഎസ്ടിയിലൂടെയും നികുതിയിലൂടെയും തിരികെ സമ്പദ്വ്യവസ്ഥയിലേക്ക് എത്തുമെന്നതിനാല്‍, ഈ വലിയ തുക ഒരു നഷ്ടമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ഭാവിയുടെ യുദ്ധങ്ങള്‍ ഡ്രോണുകള്‍ക്കും ആധുനിക സാങ്കേതികവിദ്യയ്ക്കും കീഴിലായിരിക്കുമെന്ന് 'ഓപ്പറേഷന്‍ സിന്ദൂര്‍' തെളിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റ് ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ വിളിച്ചോതുന്നതാകുമോ എന്ന് രാജ്യം ഉറ്റുനോക്കുന്നു.

Advertisment