/sathyam/media/media_files/2026/02/01/untitled-2026-02-01-11-38-07.jpg)
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വാചകക്കസര്‍ത്തിന് പകരം പ്രായോഗിക പരിഷ്‌കാരങ്ങള്‍ക്കും, ജനപ്രീതിക്ക് പകരം ജനക്ഷേമത്തിനുമാണ് മുന്‍ഗണന നല്‍കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തന്റെ ഒമ്പതാമത് ബജറ്റ് പ്രസംഗത്തിലാണ് 12 വര്‍ഷത്തെ സര്‍ക്കാരിന്റെ നേട്ടങ്ങളെ മന്ത്രി പ്രശംസിച്ചത്.
രാജ്യം അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോയപ്പോഴും ആത്മവിശ്വാസത്തോടെയുള്ള പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 'സന്ദിഗ്ദ്ധതയ്ക്ക് പകരം കര്‍മ്മപഥവും, വാഗ്ദാനങ്ങള്‍ക്ക് പകരം പരിഷ്‌കാരങ്ങളുമാണ് മോദി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്,' മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ധനപരമായ അച്ചടക്കം, സുസ്ഥിരമായ വളര്‍ച്ച, നിയന്ത്രിതമായ പണപ്പെരുപ്പം എന്നിവ ഉറപ്പാക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്തിയതായും അവര്‍ വ്യക്തമാക്കി.
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര നിര്‍മ്മാണ മേഖലയെയും ഊര്‍ജ്ജ സുരക്ഷയെയും ശക്തിപ്പെടുത്താനും സര്‍ക്കാരിന് സാധിച്ചു. 7 ശതമാനത്തോളം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനായത് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി.
ആഗോളതലത്തില്‍ വ്യാപാര ശൃംഖലകള്‍ തടസ്സപ്പെടുന്ന സാഹചര്യത്തിലും ഇന്ത്യ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. കൂടുതല്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഗോള വിപണിയുമായി കൂടുതല്‍ ഇഴുകിച്ചേരാനുള്ള നടപടികള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കര്‍ഷകരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സാധാരണക്കാരുടെ വാങ്ങല്‍ശേഷി ഉയര്‍ത്തുന്നതിനും മുന്‍ഗണന നല്‍കുന്നതാണ് ഈ ബജറ്റെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us