Advertisment

ഇ-വാഹനങ്ങൾ; വില കുറയ്ക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതീക്ഷ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വളർച്ച നേടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇ-വാഹനങ്ങൾ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ പ്രധാന വാഹന നിർമാതാക്കളും, സ്റ്റാർട്ടപ്പുകളും വളർന്നു വരുന്ന ഈ മേഖലയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്രസർക്കാരും വലിയ പിന്തുണയാണ് നൽകുന്നത്.

വിവിധതരം പദ്ധതികൾ, ഡിസ്കൗണ്ടുകൾ, നികുതി ആനുകൂല്യങ്ങൾ എന്നിവയിലൂടെ ഇലക്ട്രിക് വാഹന രംഗത്തിന് ഇന്ധനമേകാൻ സർക്കാർ ശ്രമം നടത്തുന്നു. ഇത്തരം നടപടികളുടെ തുടർച്ചയായി വരാനിരിക്കുന്ന ബജറ്റിലും ഇ-വാഹന രംഗത്തിന് അനുകൂലമായ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോഴത്തെ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വില്പനയാണ് ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തുണ്ടായത്. ഏകദേശം 4 ലക്ഷത്തിലധികം വാഹനങ്ങൾ ഈ സാമ്പത്തിക വർഷം മാത്രം വില്പന നടത്തിയതായി സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 1.36 ലക്ഷം യൂണിറ്റുകൾ മാത്രമായിരുന്നു.

2019 ൽ നടന്ന 36ാമത് ജിഎസ്ടി കൗൺസിൽ മീറ്റിങ്ങിൽ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിരുന്നു. 12 ശതമാനത്തിൽ നിന്ന് 5 ശതമാനം എന്ന നിലയിലേക്കാണ് ജിഎസ്ടി നിരക്കുകളിൽ കുറവ് വരുത്തിയത്. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജറുകൾ, ചാർജിങ് സ്റ്റേഷനുകൾ എന്നിവയുടെ ജിഎസ്ടി നിരക്കുകളും 18 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചിരുന്നു.

എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ എൻജിന് പവർ നൽകുന്ന ലിഥിയം - അയൺ ബാറ്ററികളുടെ നികുതി ഉയർന്ന ജിഎസ്ടി പരിധിയിൽ 18% എന്ന നിലയിൽ തന്നെ തുടർന്നു. ചൈനയിൽ നിന്നാണ് ഇന്ത്യയിലേക്ക് ലിഥിയം കൂടുതലായും ഇറക്കുമതി നടത്തുന്നത്. ഇക്കാരണത്താൽ ഇംപോർട്ട് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി എന്നീ നികുതികൾ ഇലക്ട്രിക് വാഹനമേഖലയിലെ നിർണായക അസംസ്കൃത ഘടകമായ ലിഥിയത്തിന് ബാധകമാണ്.

ആവശ്യങ്ങൾ

ഇ-വാഹനങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങളുടെയും, അസംസ്കൃത വസ്തുക്കളുടെയും ജിഎസ്ടി നിരക്ക് താഴ്ത്തണമെന്നതാണ് മേഖലയുടെ പ്രധാന ആവശ്യം. നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വിലയാണ് വലിയ ഒരു വിഭാഗം ആളുകളെ ഇ-വാഹനങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നത്.

ബാറ്ററി ഉൾപ്പെടെയുള്ള ഘടകങ്ങളുടെ നികുതി കുറയുന്നത് ആകെ വിലയിൽ കുറവ് വരാൻ കാരണമാകും. ഇതിലൂടെ താങ്ങാനാവുന്ന വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ (Faster Adoption and Manufacturing of Hybrid and Electric Vehicles in India-FAME India) പദ്ധതി 2015ലാണ് ഇന്ത്യയിൽ നടപ്പാക്കിയത്. ഇലക്ട്രിക് വാഹന മേഖലയെ പിന്തുണയ്ക്കുക, ഇൻസെന്റീവുകളിലൂടെ ഈ സെക്ടറിന്റെ വളർച്ച ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം 2024 മാർച്ചിൽ അവസാനിക്കും. ഈ കാലാവധി നീട്ടി നൽകണമെന്ന ആവശ്യവും ഉയരുന്നു.

ഓട്ടോമൊബൈൽ സെക്ടറിനു വേണ്ടിയുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം (Production Linked Incentive-PLI) 2021 സെപ്തംബറിലാണ് നടപ്പാക്കിയത്. ഈ പദ്ധതിക്കായി 25,938 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

FAME, PLI പദ്ധതികളുടെ ആനുകൂല്യ പരിധി ഈ ബജറ്റിൽ സർക്കാർ വർധിപ്പിച്ചു നൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇത്തരത്തിൽ ഒരു നീക്കത്തോടൊപ്പം ജിഎസ്ടി നിരക്കുകളിൽ കൂടി കുറവ് വന്നാൽ രാജ്യത്തെ ഇ-വാഹനമേഖലയിൽ വിപ്ലവത്തിന് കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ.

Advertisment