/sathyam/media/post_attachments/i4IMNnIMu52VX1526Z7d.jpg)
തിരുവനന്തപുരം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിക്കു മുന്നിലെ കാത്തിരിപ്പുകേന്ദ്രം തുറന്നു ഇനി യാത്രക്കാർക്ക് ഉപയോഗിക്കാം. 40 ലക്ഷം ചെലവിട്ട് ആശുപത്രിക്ക് മുന്നിൽ നിർമിച്ച ഹൈടെക് കാത്തിരിപ്പുകേന്ദ്രം വർഷങ്ങളായി യാത്രക്കാർക്ക് തുറന്നുകൊടുക്കാതെ കാടുകയറിനശിക്കുകയായിരുന്നു. ഈ അവസരം മുതലാക്കി സമീപത്തെ തട്ടുകടയിലെ കച്ചവടക്കാരും തെരുവിൽ അന്തിയുറങ്ങുന്നവരും കാത്തിരിപ്പ് കേന്ദ്രം സ്വന്തമാക്കി ഉപയോഗിക്കുകയായിരുന്നു.
ആക്രിപെറുക്കുന്ന ആളുകളും തങ്ങൾ ശേഖരിക്കുന്ന ആക്രിസാധനങ്ങൾ ചാക്കിൽകെട്ടി ഈ കാത്തിരിപ്പ് കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. കാത്തിരിപ്പുകേന്ദ്രത്തിന്റെ ദയനീയ സ്ഥിതിയെപ്പറ്റി കഴിഞ്ഞദിവസം വന്ന വാർത്തയെത്തുടർന്ന് മന്ത്രി ജി.ആർ.അനിൽ വിഷയത്തിൽ ഇടപെടുകയും കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ, നെടുമങ്ങാട് ഡിവൈ.എസ്.പി. എന്നിവരുമായി ബന്ധപ്പെടുകയും ചെയ്തു.
ഇതേത്തുടർന്നാണ് വെള്ളിയാഴ്ച മുതൽ കെ.എസ്.ആർ.ടി.സി. ബസുകൾ പുതിയ കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിൽ തന്നെ നിർത്താൻ തീരുമാനമായത്. ഇവിടെനിന്ന് യാത്രക്കാർക്ക് ബസിൽ കയറാനുള്ള സൗകര്യം ഉണ്ടാകുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസിന്റെ സേവനം ഉപയോഗപ്പെടുത്തും.