കൊച്ചി: പ്രതിദിനം വെറും 13 രൂപ മുടക്കിയാല്‍ 25 വയസുള്ള, പുകവലിക്കാത്ത പുരുഷനെ 30 വര്‍ഷത്തെ കാലയളവില്‍, ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. ഇതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസവും ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തേക്ക് 4764 രൂപയാണ് ഓണ്‍ലൈന്‍ പ്രീമിയം.
സ്ത്രീകള്‍ക്ക് 4356 രൂപ നല്‍കിയാല്‍ മതി. രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ബജാജ് അലയന്‍സ് ലൈഫ് സ്മാര്‍ട്ട് പ്രൊട്ടക്ട് ഗോള്‍ എന്ന പേരില്‍ ടേം പ്ലാന്‍ ഇന്‍ഷുറന്‍സ് പുറത്തിറക്കി.
അമ്പത്തിയഞ്ച് മാരകരോഗങ്ങള്‍ക്കെതിരേ സംയോജിത കവറേജ് നല്‍കുന്ന ടേം പ്ലാന്‍ കൂടിയാണ് ബജാജ് അലയന്‍സ് സ്മാര്‍ട്ട് പ്രൊട്ടക്ട് ഗോള്‍ പോളിസി. ലിസ്റ്റിലുള്ള ഏതെങ്കിലും മാരക രോഗം കണ്ടെത്തിയാല്‍ പോളിസി ഉടമയ്ക്ക് സം അഷ്വേഡ് തുക ലഭിക്കും.
ക്ലെയിം ഒന്നും നടത്തിയിട്ടില്ലെങ്കില്‍ കാലാവധി പൂര്‍ത്തയാകുമ്പോള്‍ പോളിസി ഉടമയ്ക്ക് അതുവരെ അടച്ച പ്രീമിയം തിരികെ നല്‍കും.
കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ചൈല്‍ഡ് എഡ്യൂക്കേഷന്‍ എക്‌സ്ട്ര കവര്‍ ഈ ടേം ഇന്‍ഷുറന്‍സിനൊപ്പം കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ് ടേം ഇന്‍ഷുറന്‍സിനൊപ്പം ഇത്തരത്തിലൊരു കവറേജ് ലഭ്യമാക്കുന്നത്.
കുട്ടിക്കു 25 വയസ് തികയുന്നതിനു മുമ്പ് പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ വിദ്യാഭ്യാസ ലക്ഷ്യം നേടുന്നതിനു പോളിസി സഹായിക്കും. എത്ര കുട്ടികള്‍ക്കു വേണമെങ്കിലും ഈ കവറേജ് എടുക്കാം. പതിനെട്ടു വയസ് പ്രായം വരെയുള്ളവര്‍ക്കാണ് കവറേജ് ലഭിക്കുക.
പങ്കാളിക്കും ലൈഫ് കവര്‍ ലഭ്യമാക്കുവാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. പോളിസി ഉടമ മരിച്ചാല്‍ ഭാവി പ്രീമിയം കമ്പനി അടയ്ക്കും. പങ്കാളിക്ക് കവറേജ് തുടരുകയും ചെയ്യും.
എണ്‍പത്തിയഞ്ചുവയസുവരെ കവറേജ് ലഭിക്കും. 99 വയസ് വരെ കവറേജ് ലഭിക്കുന്ന ഓപ്ഷനും ഈ ടേം പ്ലാനില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ചെറിയ കാലയളവിലേക്ക് (5 വര്‍ഷത്തില്‍ താഴെ പ്രീമിയം അടച്ച് 85 വയസ് വരെയോ 99 വയസ് വരെയോ കവറേജ് എടുക്കുവാനുള്ള ഓപ്ഷനും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
വര്‍ധിക്കുന്ന ധനകാര്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായി കവറേജ് ഓരോ വര്‍ഷവും വര്‍ധിപ്പിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. ഓരോ വര്‍ഷവും നിശ്ചിത ശതമാനം കവറേജ് വര്‍ധിപ്പിക്കുവാന്‍ സാധിക്കും.
സം അഷ്വേഡ് തുകയുടെ വലുപ്പമനുസരിച്ച് പ്രീമിയത്തില്‍ റിബേറ്റ് ലഭിക്കും. അമ്പതു ലക്ഷം രൂപയ്ക്കു മുകളില്‍ ഓരോ 10 ലക്ഷം രൂപയുടെ അധിക കവറേജിനും പ്രീമിയത്തില്‍ റിബേറ്റ് ലഭിക്കും.