ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 820 കോടി രൂപ കൈമാറി പ്രമുഖ പൊതുമേഖല ബാങ്കായ യൂക്കോ ബാങ്ക്. ഇത്തരത്തില്‍ കൈമാറിയ തുകയില്‍ 649 കോടി രൂപ വീണ്ടെടുത്തതായി യൂക്കോ ബാങ്ക് അറിയിച്ചു.
നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഐ.എം.പി.എസിലൂടെയാണ് ചില ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് തുക അബദ്ധത്തില്‍ ക്രെഡിറ്റ് ചെയ്തത്. എന്നാല്‍, ഇത്തരത്തില്‍ തുക തെറ്റായി കൈമാറാന്‍ കാരണം സാങ്കേതിക തകരാര്‍ മൂലമാണോ, അതോ ഹാക്കിംഗ് സംഭവിച്ചതാണോ എന്ന കാര്യത്തില്‍ ബാങ്ക് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
പണം തെറ്റായി കൈമാറിയെന്ന വിവരം ലഭിച്ചതോടെ, പണം ക്രെഡിറ്റ് ആയിട്ടുള്ള മുഴുവന്‍ അക്കൗണ്ടുകളും ബാങ്ക് ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീടാണ് അക്കൗണ്ടുകളില്‍ നിന്ന് തുക തിരികെ വീണ്ടെടുത്തത്. കൈമാറിയ തുകയില്‍ 79 ശതമാനം മാത്രമാണ് വീണ്ടെടുത്തത്.
ശേഷിക്കുന്ന 171 കോടി രൂപ വീണ്ടെടുക്കാന്‍ നടപടി സ്വീകരിച്ചതായി ബാങ്ക് അറിയിച്ചു. തുക തെറ്റായി കൈമാറിയതിനെത്തുടര്‍ന്ന് ബാങ്കിന്റെ ഓഹരികളില്‍ കനത്ത ഇടിവ് നേരിട്ടു.