ഹിന്‍ഡന്‍ബെര്‍ഗ് വിവാദത്തിനു പിന്നാലെ മൗറീഷ്യസ് നിക്ഷേപ ആരോപണത്തില്‍ കുടുങ്ങി അദാനി ഗ്രൂപ്പ്

New Update
ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങള്‍ ജൂലൈയില്‍ അദാനിക്ക് കൈമാറും

ഡല്‍ഹി: ഹിന്‍ഡന്‍ബെര്‍ഗ് വിവാദത്തിനു പിന്നാലെ വീണ്ടും മൗറീഷ്യസ് നിക്ഷേപ ആരോപണത്തില്‍ കുടുങ്ങി അദാനി ഗ്രൂപ്പ്. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) ആണ് അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. 

Advertisment

അദാനി കുടുംബത്തിനു ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനങ്ങള്‍ വഴി അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളില്‍ കോടികളുടെ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ കണ്ടെത്തല്‍. അമേരിക്കര്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്, റോക്ക്ഫെല്ലര്‍ ബ്രദേഴ്‌സ് ഫണ്ട് തുടങ്ങിയവയുടെ പിന്തുണയുള്ള, പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഒസിസിആര്‍പി. 

കടലാസു കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണു വെളിപ്പെടുത്തല്‍. അദാനി കുടുംബവുമായി ദീര്‍ഘകാല ബിസിനസ് ബന്ധമുള്ള നാസര്‍ അലി ഷബാന്‍ അഹ്ലി, ചാങ് ചുങ്-ലിംഗ് എന്നിവര്‍ അദാനി ഗ്രൂപ്പ് ഓഹരികളില്‍ 2013-18 കാലയളവില്‍ രഹസ്യ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കിയെന്നും ഒസിസിആര്‍പി ആരോപിക്കുന്നു. 

ഇരുവരും ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ള കമ്പനികളില്‍ ഡയറക്ടര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ്. ഇവരുടെ ഓഹരി വിഹിതം കൂടി പരിഗണിച്ചാല്‍, പ്രൊമോട്ടര്‍മാര്‍ ലിസ്റ്റഡ് കമ്പനികളുടെ 75 ശതമാനത്തിലധികം ഓഹരികള്‍ കൈവശം വയ്ക്കരുതെന്ന നിയമം അദാനി ഗ്രൂപ്പ് ലംഘിച്ചതായും സംഘടന പറയുന്നു.  

ചാങ്ങിന്റെയും അഹ്ലിയുടെയും നിക്ഷേപത്തിനായുള്ള പണം അദാനി കുടുംബത്തില്‍ നിന്നാണു വന്നതെന്നു തെളിയിക്കാനുള്ള രേഖകള്‍ ഇല്ലെന്നും അതേസമയം ഇവര്‍ക്ക് അദാനി കുടുംബവുമായുള്ള ബന്ധത്തിനു തെളിവുകള്‍ ഉണ്ടെന്നും ഒസിസിആര്‍പി പറയുന്നു.

2013 സെപ്റ്റംബറില്‍ വെറും എട്ടുബില്യണ്‍ ഡോളറായിരുന്ന അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം 260 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. 

Advertisment