ഐപിഒയ്ക്ക് ഒരുങ്ങി ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് ; 1500 കോടി രൂപ സമാഹരിക്കും

New Update
ipo

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാന്‍സിനു കീഴിലുള്ള ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)യ്ക്കുള്ള കരടുരേഖ (ഡിആര്‍.എച്ച്.പി) മൂലധന വിപണി നിയന്ത്രണ ബോര്‍ഡായ സെബിയില്‍ സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 1500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

Advertisment

75 ശതമാനത്തില്‍ കുറയാത്ത ഓഹരികള്‍ ആനുപാതികമായി യോഗ്യരായ ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്കും, 15 ശതമാനത്തില്‍ കവിയാത്ത ഓഹരികള്‍ നോണ്‍-ഇന്‍സ്റ്റിറ്റിയൂഷനല്‍ നിക്ഷേപകര്‍ക്കും 10 ശതമാനം വരെ വ്യക്തിഗത നിക്ഷേപകര്‍ക്കും നീക്കിവച്ചിരിക്കുന്നു.

ഐപിഒയ്ക്കു മുന്നോടിയായി പ്രൈവറ്റ് ഇക്വിറ്റി വിറ്റഴിക്കുന്നതിലൂടെ 300 കോടി രൂപ വരെ സമാഹരിക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നു. ഇതു നടന്നാല്‍ വിറ്റഴിക്കുന്ന പുതിയ ഓഹരികളുടെ എണ്ണം കുറയ്ക്കും. ഐപിഒയിലൂടെ സമാഹരിക്കുന്ന ഫണ്ട് കമ്പനിയുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഭാവി ബിസിനസ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

കുറഞ്ഞ വരുമാനക്കാരായ സ്ത്രികള്‍ക്ക് മൈക്രോഫിനാന്‍സ് വായ്പകള്‍ ലഭ്യമാക്കുന്നതിലും ബാങ്കിങ് സേവനം ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളിലേക്ക് സാമ്പത്തിക സേവനങ്ങളെത്തിക്കുന്നതിലും അവരെ ശാക്തീകരിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് 2018ല്‍ രണ്ടു ശാഖകളുമായി തമിഴ്നാട്ടിലാണ് പ്രവര്‍ത്തനം തുടങ്ങിയത്.

കമ്പനി വളര്‍ന്ന് ഇന്ന് 22 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1684 ശാഖകളുണ്ട്. രാജ്യത്തുടനീളം 450 ജില്ലകളില്‍ കമ്പനിയുടെ സാന്നിധ്യമുണ്ട്. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 32.5 ലക്ഷം സജീവ മൈക്രോഫിനാന്‍സ് ഇടപാടുകാര്‍ കമ്പനിക്കുണ്ട്. സ്വര്‍ണ വായ്പകളും എംഎസ്എംഇ വായ്പകളും കമ്പനി നല്‍കുന്നുണ്ട്.

രാജ്യത്തുടനീളമുള്ള സാന്നിധ്യം കണക്കിലെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലുതും കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കണക്കില്‍ മൂന്നാം സ്ഥാനത്തുമുള്ള എന്‍ബിഎഫ്സി മൈക്രോഫിനാന്‍സ് കമ്പനിയാണ് ആശീര്‍വാദ് മൈക്രോഫിനാന്‍സ്. 2023 സാമ്പത്തിക വര്‍ഷം 16 ശതമാനം വളര്‍ച്ചയോടെ മികച്ച പ്രകനമാണ് കമ്പനി കാഴ്ചവച്ചത്. 2022-23 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആസ്തി 10,040.89 കോടി രൂപയായിരുന്നു. 218.13 കോടി രൂപ അറ്റാദായവും നേടി.

Advertisment