ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്ട് സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് ലീഗിലേക്ക്

New Update
big

കൊച്ചി: ഇന്ത്യയിലെ മോട്ടോര്‍സ്‌പോര്‍ട്‌സിനെ പുനര്‍നിര്‍വചിക്കാനൊരുങ്ങുന്ന സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് (ഐഎസ്ആര്‍എല്‍) പുതിയ ഒരു ടീമിനെ കൂടി പ്രഖ്യാപിച്ചു. മുന്‍ സൂപ്പര്‍ക്രോസ്-റാലി റൈഡ് ചാമ്പ്യനായ സി.എസ് സന്തോഷിനൊപ്പം, എന്‍ ഗൗതം, ഉദയ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്ട് എന്ന പേരില്‍ വരാനിരിക്കുന്ന സീസണില്‍ ഫ്രാഞ്ചൈസി ടീമിനെ സ്വന്തമാക്കിയത്.

Advertisment

രാജ്യത്തെ ഏറ്റവും മികച്ച സൂപ്പര്‍ക്രോസ്-റാലി റൈഡ് ചാമ്പ്യനായി കണക്കാക്കപ്പെടുന്ന സി.എസ് സന്തോഷ്, ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്ടിന്റെ സഹ ഉടമ മാത്രമല്ല ഉപദേഷ്ടാവ് കൂടിയാണ്. ലീഗില്‍ സിഎസ് സന്തോഷിന്റെ പങ്കാളിത്തം, ഇന്ത്യയിലെ മോട്ടോര്‍സ്‌പോര്‍ട്‌സ് റൈഡര്‍മാരില്‍ കൂടുതല്‍ ആവേശം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. യുവതലമുറക്കും ഇത് കൂടുതല്‍ പ്രചോദനം നല്‍കും.

പ്രമുഖ സംരംഭകരും കായിക പ്രേമികളുമാണ് എന്‍ ഗൗതമും ഉദയ് ശങ്കറും. 2014 മുതല്‍ വീര സ്‌പോര്‍ട്‌സിലെ പങ്കാളിയായ എന്‍ ഗൗതം, പ്രോ കബഡി ലീഗിലും, പ്രോ പഞ്ച ലീഗിലും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയിട്ടുണ്ട്. 25 വര്‍ഷത്തെ ബിസിനസ് പരിചയമുള്ള ഉദയ് ശങ്കര്‍, ബിഗ്‌റോക്ക്ഡര്‍ട്ട് പാര്‍ക്കിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്ടിനൊപ്പം, നാല് ടീമുകളെ കൂടി സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്ടിനൊപ്പം സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗില്‍ ചേരുന്നത് തന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ നേട്ടവും നാഴികക്കല്ലുമാണെന്ന് ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്ടിന്റെ മെന്ററായ സി.എസ് സന്തോഷ് പറഞ്ഞു.

ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്ടുമായുള്ള തങ്ങളുടെ പങ്കാളിത്തം ആഗോളതലത്തില്‍ ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള തങ്ങളുടെ ലക്ഷ്യത്തിന് അനുസൃതമാണെന്ന് ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്ട് സഹ ഉടമ എന്‍.ഗൗതം പറഞ്ഞു.

എല്ലാവര്‍ക്കും മോട്ടോര്‍സ്‌പോര്‍ട്ടിനെ പ്രാപ്യമാക്കുകയും ഇന്ത്യന്‍ പ്രതിഭകളെ ഉയര്‍ന്ന അന്താരാഷ്ട്ര തലങ്ങളില്‍ മത്സരിക്കാന്‍ പ്രാപ്തരാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ സഹ ഉടമ ഉദയ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Advertisment