Advertisment

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 140 കോടി രൂപ അറ്റാദായം

New Update
ഇഎസ്‌ജി റേറ്റിങിൽ ഇസാഫ് ബാങ്കിന് മികച്ച നേട്ടം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 140.12 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ പാദത്തിലെ 57.58 കോടി രൂപയില്‍ നിന്ന് 143 ശതമാനമാണ് വര്‍ധന. മികച്ച പ്രകടനം കാഴ്ചവച്ച ബാങ്കിന്റെ മൊത്തം ബിസിനസില്‍ 32.81 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

Advertisment

മുന്‍ വര്‍ഷം 26,284 കോടി രൂപായായിരുന്ന ഇത് ഇത്തവണ 34,906 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭത്തിലും മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. മുന്‍ വര്‍ഷത്തെ 210.83 കോടി രൂപയില്‍ നിന്ന് 37.39 ശതമാനം വര്‍ധനയോടെ 289.65 കോടി രൂപയിലെത്തി.

' ഗ്രാമീണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സുസ്ഥിര മാതൃകയുമാണ് ബാങ്കിന്റെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു. സമൂഹത്തിലെ താഴേക്കിടയിലെ ജനങ്ങളുടെ സാർവത്രിക സാമ്പത്തിക ഉൾപ്പെടുത്തൽ എന്നും ബാങ്കിന്റെ പ്രതിബദ്ധതയാണ്. അതോടൊപ്പം ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ നിരന്തരമായ നിക്ഷേപത്തിനും ബാങ്ക് ഊന്നൽ നൽകുന്നുണ്ട്.' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപങ്ങള്‍ 28.82 ശതമാനം വര്‍ധിച്ച് 17,416 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 13,520 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന വായ്പകളുടെ മൂല്യത്തില്‍ രണ്ടാം പാദത്തില്‍ 37.03 ശതമാനമാണ് വര്‍ധന. മുന്‍ വര്‍ഷം 12,764 കോടി രൂപയായിരുന്ന വായ്പകള്‍ 17,490 കോടി രൂപയിലെത്തി. ആസ്തി ഗുണമേന്മ മെച്ചപ്പെടുത്തുന്നതിലും ബാങ്ക് മുന്നേറ്റം കാഴ്ചവച്ചു. മുന്‍ വര്‍ഷം 8.11 ശതമാനമായിരുന്ന മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2.64 ശതമാനമായും, 4.34 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തി അനുപാതം 1.19 ശതമാനമായും കുറച്ചു. 20.57 ശതമാനമാണ് മൂല്യധന പര്യാപ്തതാ അനുപാതം.

സാമ്പത്തിക വര്‍ഷം ആദ്യ രണ്ടു പാദങ്ങളിലായി ബാങ്ക് 270.08 കോടി രൂപ അറ്റാദായം നേടി. 65.14 ശതമാനമാണ് വര്‍ധന. അര്‍ധവാര്‍ഷിക പ്രവര്‍ത്തന ലാഭം 35.36 ശതമാനം വര്‍ധിച്ച് 590.32 കോടി രൂപയിലുമെത്തി.

2023 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ഇസാപ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഇന്ത്യയിലുടനീളം 21 രാജ്യങ്ങളിലും 2 യൂണിയൻ ടെറിട്ടറിയിലുമായി 700 ശാഖകളും 579 എടിഎമ്മുകളും ഉണ്ട്

Advertisment