/sathyam/media/media_files/Jbu4PFUvAd08bfPRlXgG.jpg)
കൊച്ചി: വലിയ മാറ്റത്തിന് തയ്യാറെടുക്കുന്ന പ്രവാസികളുടെ പ്രിയപ്പെട്ട വിമാനകമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്‍റെ മാർഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാനസർവ്വീസുകള്‍ നടത്തുന്ന എയര്‍ ഏഷ്യ ഇന്ത്യയെ ഗള്‍ഫിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും അന്താരാഷ്ട്രാ വിമാനസർവ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ ലയിപ്പിക്കുന്നതു വഴി വലിയ വളർച്ചയ്ക്കാണ് വഴിയൊരുങ്ങുന്നത്. ഇതിനായുളള മാറ്റത്തിന്‍റെ മാർഗ്ഗരേഖയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്‍റെയും എയര്‍ ഏഷ്യ ഇന്ത്യയുടേയും മാനേജിംഗ് ഡയറക്ടര്‍ അലോക് സിങ്ങ് ഇന്ന് രണ്ട് വിമാനക്കമ്പനികളിലേയും മുഴുവന്‍ ഉദ്യോഗസ്ഥരുമായി തത്സമയ സംവാദത്തില്‍ പങ്കുവച്ചത്.
അഞ്ചുവർഷത്തിനുളളില്‍ സമഗ്രനവീകരണവും പരിവർത്തനവും ലക്ഷ്യമിട്ട് നേരത്തെ എയര്‍ ഇന്ത്യ അവതരിപ്പിച്ച വിഹാന്‍ ഡോട്ട് എഐ എന്ന പദ്ധതിയുടെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ്സും മാറുന്നത്.
എയര്‍ ഇന്ത്യയേയും എയര്‍ ഇന്ത്യ എക്സ്പ്രസിനേയും ദേശീയ സ്ഥാപനമെന്ന നിലയില്‍ നിന്ന് ദേശീയ പ്രചോദനം എന്ന നിലയിലേക്ക് മാറ്റിയെടുക്കയാണ് മാർഗ്ഗരേഖയുടെ ലക്ഷ്യം. പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കുകയും ഊഷ്മളവും അർത്ഥവത്തുമായ ബന്ധങ്ങള്‍ സൃഷ്ടിക്കുകയുമാണ് മാർഗ്ഗരേഖയുടെ അടിസ്ഥാനമെന്ന് മാനേജിങ് ഡയറക്ടര്‍ അലോക് സിങ് വിശദീകരിച്ചു. ദേശങ്ങളെ മാത്രമല്ല ജനങ്ങളേയും സംസ്കാരങ്ങളേയും അവസരങ്ങളേയും പരമ്പരാഗത ഇന്ത്യന്‍ ആതിഥേയത്വത്തോടെ ബന്ധിപ്പിക്കുന്ന ഒരു വിമാനസർവ്വീസായി മാറുകയാണ് ലക്ഷ്യം.
ഇരു വിമാനക്കമ്പനികളും തമ്മിലുള്ള ലയനത്തിന്‍റെയും എയര്‍ ഇന്ത്യയുമായുള്ള ശൃംഖലാ സംയോജനത്തിന്‍റെയും പിൻബലത്തില്‍ ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര മേഖലയിലും സാധ്യതകള്‍ തേടും. എല്ലാ മേഖലകളിലും മികവുമായി ആത്മവിശ്വാസമുള്ള ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡ് ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ എക്സ്പ്രസിലേക്കും എയര്‍ ഏഷ്യ ഇന്ത്യയിലേക്കുമുളള ടിക്കറ്റുകള്‍ യാത്രക്കാർക്ക് സംയോജിത വെബ്സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യുന്നതിനുളള സംവിധാനം നേരത്തെ അവതരിപ്പിച്ചിരുന്നു. ഇരു കമ്പനികളുടേയും കസ്റ്റമര്‍ കെയര്‍ സേവനങ്ങളും സാമൂഹ്യ മാധ്യമ ഹാൻഡിലുകളും പൊതുവായി മാറികഴിഞ്ഞു. മാറ്റത്തിന്‍റെ ഭാഗമായി ഗൊർമേര്‍ എന്ന് പേരിട്ടിരിക്കുന്ന വിഭവസമൃദ്ധമായ ഇന്‍-ഫ്ളൈറ്റ് മെനു ഇരു സർവ്വീസുകളിലും നടപ്പിലായി. ഇഷ്ടപ്പെട്ട സീറ്റുകള്‍ മുമ്പേ തിരഞ്ഞെടുക്കാനുളള എക്സ്പ്രസ്-പ്രൈം , ക്യൂ ഒഴിവാക്കാനും പ്രത്യേക പരിഗണന ഉറപ്പുവരുത്താനുമുളള എക്സ്പ്രസ് എഹെഡ് പ്രയോറിറ്റി സേവനങ്ങള്‍ ഇരുകമ്പനികളും ആരംഭിച്ചു. കഴിഞ്ഞയാഴ്ച്ച വിമാനകമ്പനി ഉദ്യോഗസ്ഥരുടെ സേവന വേതന നിരക്കുകളും പദവികളും വിപണിനിലവാരത്തിലേക്ക് ഉയർത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us