സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗില്‍ പങ്കെടുക്കാന്‍ 85 വിദേശ താരങ്ങള്‍

New Update
ride

കൊച്ചി: ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യയുടെ (എഫ്എംഎസ്‌സിഐ) പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് (ഐഎസ്ആര്‍എല്‍) ഉദ്ഘാടന സീസണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം 85 വിദേശതാരങ്ങളും മത്സരിക്കും. യുഎസ്എ, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ചാമ്പ്യന്മാരായ റൈഡര്‍മാര്‍ ഇതിനകം താര ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്.

Advertisment

നാലുതവണ ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യനായ ആന്റണി റെയ്‌നാര്‍ഡ്, 2022 പ്രിന്‍സ് ഓഫ് പാരീസ് ഗ്രിഗറി അരാന്ത, രണ്ട് തവണ യൂറോപ്യന്‍/ഫ്രഞ്ച് വൈസ് ചാമ്പ്യന്‍ തോമസ് റാമറ്റ് തുടങ്ങിയ താരങ്ങള്‍ 450സിസി ഇന്റര്‍നാഷണണല്‍ റൈഡര്‍ ലേലത്തിലും, അഞ്ചുതവണ സ്‌പെയിന്‍ റീജിയണല്‍ ചാമ്പ്യനായ ഗിലന്‍ അല്‍ബിസുവ ഫ്യൂന്റസ്, ഓസ്‌ട്രേലിയയില്‍ നിന്നുള്ള കാലേബ് ഗൗലെറ്റ്, യുഎസ്എയില്‍ നിന്നുള്ള ബ്ലെയ്ക്ക് ആഷ്‌ലി എന്നിവര്‍ 250സിസി ഇന്റര്‍നാഷണല്‍ റൈഡര്‍ ലേലത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ നാഷണല്‍ ചാമ്പ്യന്‍ റഗവ്വേദ് ബര്‍ഗുജെ, രണ്ട് തവണ ഇന്തോനേഷ്യ ചാമ്പ്യനായ ആനന്ദ റിജി ആദിത്യ, ഇരുവട്ടം തായ്‌ലന്‍ഡ് ചാമ്പ്യനായ ബെന്‍പ്രസിത് ഹാള്‍ഗ്രെന്‍ എന്നിവരാണ് 250സിസി ഇന്ത്യ-ഏഷ്യ മിക്‌സ് റൈഡര്‍ ലേലത്തില്‍ ചേര്‍ന്ന പ്രമുഖര്‍.

പ്രമുഖ താരങ്ങളുടെ വരവ് ടീം ഉടമകള്‍ക്ക് അവരുടെ സ്വപ്ന ടീമുകളെ ഇഷ്ടാനുസൃതം ഒരുക്കാന്‍ അവസരം നല്‍കും. റൈഡര്‍ പൂളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 64 റൈഡര്‍മാരാണ് ഉദ്ഘാടന സീസണില്‍ പങ്കെടുക്കുക. ഇതില്‍ 20 യുവ ഇന്ത്യന്‍ റൈഡര്‍മാരും ഉള്‍പ്പെടും. ഇതുവരെ 5 ടീമുകളുടെ പ്രഖ്യാപനമാണ് ലീഗില്‍ നടന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ ടീമുകളെ പ്രഖ്യാപിക്കും. 450സിസി ഇന്റര്‍നാഷണല്‍, 250സിസി ഇന്റര്‍നാഷണല്‍, 250സിസി ഇന്ത്യ-ഏഷ്യ മിക്‌സ്, 85സിസി ജൂനിയര്‍ ക്ലാസ് എന്നിങ്ങനെ നാല് റേസിങ് വിഭാഗങ്ങളിലായി രാജ്യത്തെ മൂന്ന് നഗരങ്ങളിലായാണ് ഉദ്ഘാടന സീസണ്‍ അരങ്ങേറുക.

85 റൈഡര്‍മാര്‍ സിയറ്റ് ഐഎസ്ആര്‍എലില്‍ പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ചു എന്ന് പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ ഈശാന്‍ ലോഖണ്ഡേ പറഞ്ഞു.

ലീഗിന്റെ ആഗോള ആകര്‍ഷണത്തെയാണ് ഇത്  സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സൂപ്പര്‍ക്രോസ് റേസിങിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിലും അതിനെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുന്നതിലുമാണ് തങ്ങളുടെ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment