മണപ്പുറം ഫിനാന്‍സിന് 498 കോടി രൂപ അറ്റാദായം; റെക്കോർഡ് നേട്ടം

New Update
മണപ്പുറം ഫിനാൻസ് ജീവനക്കാർക്കായുള്ള സൗജന്യ വാക്‌സിനേഷൻ വെള്ളിയാഴ്ച മുതൽ

കൊച്ചി : വളർച്ചയുടെ പുതിയ ഉയരങ്ങൾ കീഴടക്കി മണപ്പുറം ഫിനാൻസ്. 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ കമ്പനി 498 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേ പാദത്തിലെ 281.9 കോടി രൂപയിൽ നിന്ന് 76.7 ശതമാനം വർധനയോടെ എക്കാലത്തേയും ഉയർന്ന നേട്ടമാണിത്. 2023 മാർച്ചിൽ അവസാനിച്ച തൊട്ടുമുമ്പത്തെ പാദത്തിലെ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം വർധനയും രേഖപ്പെടുത്തി. മണപ്പുറം ഫിനാൻസ് കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി മൂല്യം 20.6 ശതമാനം വാർഷിക വളർച്ചയോടെ 37,086.3 കോടി രൂപയിലെത്തി. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് 4.6 ശതമാനമാണ് വർധന.

Advertisment

സബ്സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 380.9  കോടി രൂപയാണ്. സംയോജിത പ്രവർത്തന വരുമാനം 34.9 ശതമാനം വർധിച്ച് 2026.3 കോടി രൂപയിലുമെത്തി. കമ്പനിയുടെ സ്വർണവായ്പാ പോർട്ട്ഫോളിയോ കഴിഞ്ഞ വർഷം ആദ്യപാദത്തെയപേക്ഷിച്ചു  0.6 ശതമാനം വർധിച്ച് 20,603 കോടി രൂപയായി. 2023 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 24 ലക്ഷം സജീവ സ്വർണ വായ്പാ ഉപഭോക്താക്കളുണ്ട്.

“ലാഭക്ഷമതയിലും ആസ്തി മൂല്യത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. സ്വർണ ഇതര ബിസിനസിൽ, പ്രത്യേകിച്ച് മൈക്രോ ഫിനാൻസ് വിഭാഗത്തിൽ സ്ഥിരതയുള്ള പുരോഗതി കൈവരിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇത് കൂടുതൽ വൈവിധ്യവൽകൃത സ്ഥാപനമാകാൻ ഞങ്ങളെ സഹായിക്കുന്നു,” മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാർ പറഞ്ഞു.

മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് ആസ്തി മൂല്യത്തിൽ 44.6 ശതമാനം വളർച്ചയോടെ  10,140.6 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ പാദത്തിൽ 7,012.5 കോടി രൂപയായിരുന്നു. ഭവനവായ്പാ സബ്സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും സ്ഥിരതയുള്ള ആസ്തി വർധന നേടി. മുൻ വർഷത്തെ അപേക്ഷിച്ച് 37.5 ശതമാനം വർധനയോടെ ആസ്തി മൂല്യം 1,202.6 കോടി രൂപയിലെത്തി. വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി 59.8 ശതമാനം വർധിച്ച് 2,804.9 കോടി രൂപയിലുമെത്തി.

കമ്പനിയുടെ സംയോജിത ആസ്തിയുടെ 44 ശതമാനം സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്. സബ്സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 8.3 ശതമാനമായി. മുൻവർഷം 7.5 ശതമാനമായിരുന്നു. മൊത്ത നിഷ്ക്രിയ ആസ്തി 1.4 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.2 ശതമാനവുമാണ്. 2023 ജൂൺ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ സംയോജിത അറ്റ മൂല്യം 10,078.7 കോടി രൂപയാണ്. ഓഹരിയുടെ ബുക്ക് വാല്യു 119.1 രൂപയും മൂലധന പര്യാപ്തതാ അനുപാതം 30.5 ശതമാനവുമാണ്. 61 ലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയുടെ, എല്ലാ സബ്സിഡിയറികളും ഉള്‍പ്പെടെയുള്ള സംയോജിത കടം 28,533.4 കോടി രൂപയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു.

Advertisment