ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിവർഷം 10 കോടിയിലധികം വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത് 63% വർധനവ്. സെൻട്രം ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ചിൻ്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവിൽ, ഇന്ത്യയിൽ ഏകദേശം 31,800 വ്യക്തികൾ പ്രതിവർഷം 10 കോടി രൂപയിലധികം സമ്പാദിക്കുന്നു. പ്രതിവർഷം 50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള ആളുകളുടെ എണ്ണം 25% വർദ്ധിച്ചു.
പ്രതിവർഷം 5 കോടി രൂപയിൽ കൂടുതൽ വരുമാനമുള്ളവരുടെ എണ്ണം ഏകദേശം 58,200 ആയി വര്‍ധിച്ചു. 49 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
"സമ്പന്നരായ ഇന്ത്യക്കാരുടെ സമ്പത്ത് അതിവേഗം വളരുകയാണ്; 2019-24 സാമ്പത്തിക വർഷത്തിനിടയിൽ, 5 കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം 49% വർധിച്ച് 58,200 ആയി. 10 കോടിയിലധികം വരുമാനമുള്ളവർ 63 ശതമാനം വർധിച്ച് 31,800 ആയി”-റിപ്പോർട്ട് പറയുന്നു.