/sathyam/media/media_files/2025/06/08/Ak2l4c6vuPqsW81uIeaA.jpg)
കോട്ടയം: ലോക കോടീശ്വരനായ ഇലോൺ മസ്‌കും ഉറ്റ ചങ്ങാതിയായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായി.
മസ്‌കിന്റെ ഉടമയിലുള്ള ടെസ്ല കാർ കമ്പനികൾക്കുള്ള കോൺട്രാക്ടുകൾ റദ്ദാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതോടെ മസ്‌കിന്റെ ബിസിനസിന് ഇടിവുണ്ടാകുമെന്ന ആശങ്ക വളർന്നിട്ടുണ്ട്.
അതിനിടെ, ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ മസ്‌ക് പിന്തുണച്ചതോടെ രാഷ്ട്രീയ രംഗത്തേക്കും ഈ തർക്കം വളരുകയാണ്. വിവാദങ്ങളെ തുടർന്ന് ടെസ്ല ഓഹരി വില 14 ശതമാനം ഇടിവിലാണ്.
ട്രംപിന്റെ ഉയർന്ന താരിഫുകൾ ഈ സാമ്പത്തിക വർഷം അവസാനത്തോടെ സാമ്പത്തിക മാന്ദ്യത്തിനു കാരണമാകുമെന്ന് മസ്‌ക് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ ബജറ്റിൽ പണം ലാഭിക്കാനുള്ള എളുപ്പവഴി ഇലോൺ മസ്‌കിന് നൽകി വരുന്ന സബ്സിഡികളും കോൺട്രാക്ടുകളും റദ്ദാക്കുകയാണെന്ന് ട്രംപ് തുറന്നടിച്ചു.
വൈദ്യുതി വാഹനങ്ങളിൽ ടെസ്ലക്ക് ലഭിച്ചിരുന്ന ഇളവുകൾ ഇല്ലാതാകുമെന്ന ഭയം കൊണ്ടാണ് തന്റെ ബില്ലിനെ ഇലോൺ മസ്‌ക് എതിർക്കുന്നത്.
എല്ലാവരും ഇലക്ടിക് വാഹനങ്ങൾ വാങ്ങണമെന്ന ഇ.വി നിയമം എടുത്തു കളഞ്ഞതോടെ മസ്‌ക് പ്രകോപിതനാകുകയായിരുന്നെന്നുമാണ് ട്രംപ് എക്സിൽ പറഞ്ഞത്.
അതേസമയം,സർക്കാരിന്റെ ഇ.വി ബില്ലിനെ താൻ എതിർക്കുന്നില്ലെന്ന് മസ്‌ക് വ്യക്തമാക്കി.
എന്നാൽ, മസ്‌ക്കും ട്രംപും തമ്മിൽ അടിക്കുന്നത് ടെസ്ല തങ്ങളുടെ പ്ലാന്റുകൾ ഇന്ത്യയിൽ തുടങ്ങുന്നതിന് കാരണമായേക്കും.
ടെസ്ല ഇന്ത്യയിൽ പ്ലാന്റുകൾ തുടങ്ങുന്നതിനെ ട്രംപ് എതിർത്തിരുന്നു. ഇന്ത്യയുടെ പുതിയ ഇ.വി നയം പോലും മസ്‌കിനു വേണ്ടിയാണെന്ന് കരുതുന്നവരുണ്ട്.
ഇന്ത്യയിൽ ഇ.വി നിർമാണ മേഖലയിൽ നിക്ഷേപം നടത്തുന്ന വാഹന നിർമാതാക്കൾക്ക് ഇറക്കുമതി നികുതിയിൽ വലിയ ഇളവ് നൽകാമെന്നാണ് ഇന്ത്യയുടെ പുതിയ നയം.
രാജ്യത്ത് ഇ.വി നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ടെസ്ല മോട്ടോർസിന്റെ നിക്ഷേപം ആകർഷിക്കാനാണ് ഇത്തരമൊരു നയത്തെക്കുറിച്ച് ഇന്ത്യ ആലോചിച്ചത് തന്നെ.
കഴിഞ്ഞ ഒരു വർഷമായി ഇതിന്റെ പണിപ്പുരയിലാണ്. എന്നാൽ നയമൊക്കെ തയ്യാറായി വന്നപ്പോൾ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിൽ നിന്ന് ടെസ്ല പിന്നോട്ടുപോയി.
വിദേശത്ത് നിർമിച്ച കാറുകൾ ഇന്ത്യയിലെത്തിച്ച് വിൽക്കാമെന്നാണ് ഇപ്പോൾ കമ്പനിയുടെ നിലപാട്. ഇക്കാര്യത്തിൽ ടെസ്ല അധികൃതർ പ്രതികരിച്ചിട്ടില്ല.
എന്നാൽ, മെഴ്സിഡസ് ബെൻസ്, ഫോക്സ്വാഗൺ, ഹ്യൂണ്ടായ്, കിയ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.
ഇന്ത്യയിൽ ഇ.വി നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ 500 മില്യൻ ഡോളറെങ്കിലും നിക്ഷേപിക്കുന്ന കമ്പനികൾക്കാണ് ഇറക്കുമതിയിൽ ഇളവ് നൽകുക. നിലവിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാൻ 70 ശതമാനം വരെ നികുതി നൽകണം.
എന്നാൽ ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് നിശ്ചിത എണ്ണം ഇ.വികൾ 15 ശതമാനം നിരക്കിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാം. അഞ്ച് വർഷക്കാലയളവിൽ പ്രതിവർഷം 8,000 കാറുകൾ വരെയാണ് ഇത്തരത്തിൽ ഇറക്കുമതി ചെയ്യാൻ കഴിയുക.
കൂടാതെ അനുമതികൾ ലഭിച്ച് മൂന്ന് വർഷത്തിനകം ഇന്ത്യയിൽ വാഹന നിർമാണം തുടങ്ങണമെന്നും ചില പ്രാദേശിക നിബന്ധനകൾ പാലിക്കണമെന്നും നയത്തിൽ പറയുന്നു.
മെഷീൻ, റിസർച്ച്, ചാർജിംഗ് തുടങ്ങിയ മേഖലകളിലും നിക്ഷേപം നടത്താൻ വിദേശ കമ്പനികൾക്ക് അവസരമുണ്ട്.
ഇന്ത്യയിലെ ഇ.വി മേഖലയിൽ വലിയ നിക്ഷേപങ്ങൾ ഇതിനോടകം നടത്തിയിട്ടുള്ള ടാറ്റ മോട്ടോർസ്, മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ഇറക്കുമതി നികുതി കുറക്കുന്നതിന് എതിരാണ്.
നിലവിൽ ഇന്ത്യയിൽ ആകെ വിൽക്കുന്ന വാഹനങ്ങളുടെ 2.5 ശതമാനം മാത്രമാണ് ഇ.വികൾ. ഇത് വർധിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് വിദേശ കമ്പനികളെ ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതെന്നത്.
ഒപ്പം ഇന്ത്യയിലെ ചാർജിങ്ങ് കേന്ദ്രങ്ങളുടെ അപര്യാപ്തയും ശേഷിക്കുറവും ഇതിലൂടെ പരിഹരിക്കാമെന്നും കേന്ദ്രസർക്കാർ കരുതുന്നു.
എന്നാൽ, ടെസ്ല ഇന്ത്യയിൽ നിന്നു ട്രംപിന്റെ അനിഷ്ടത്തോടെ പിന്മാറിയതു തിരിച്ചടിയായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ടെസ്ല എന്ത് നിലപാട് സ്വകീരിക്കുമെന്ന് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.