ഡൽഹി: രാജ്യത്തെ മൊത്തം ബാങ്ക് അക്കൗണ്ടുകളിൽ 39.2 ശതമാനവും സ്ത്രീകളുടേതെന്ന് കേന്ദ്രസർക്കാർ. ഗ്രാമീണ മേഖലകളിലാണ് സ്ത്രീകളുടെ പങ്കാളിത്തം ഏറ്റവും കൂടുതലെന്നും 42.2 ശതമാനമാണിതെന്നും സർക്കാർ രേഖകൾ പറയുന്നു.
ഇന്ത്യയിലെ മൊത്തം നിക്ഷേപത്തിൻ്റെ 39.7 ശതമാനവും സ്ത്രീകളാണ് നൽകുന്നതെന്നും സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (എംഒഎസ്‌പിഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വർധിച്ചതായും ഇത് ഓഹരി വിപണിയിലെ വർധിച്ചുവരുന്ന പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
2021 മാർച്ച് 31 മുതൽ 2024 നവംബർ 30 വരെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 33.26 ദശലക്ഷ ത്തിൽ നിന്ന് 143.02 ദശലക്ഷമായി വർധിച്ചു.
ഇത് നാലിരട്ടിയിലധികം വർധനവിനെ അടയാളപ്പെടുത്തുന്നു. പുരുഷ അക്കൗണ്ട് ഉടമകളുടെ എണ്ണം സ്ത്രീ അക്കൗണ്ട് ഉടമകളെക്കാൾ സ്ഥിരമായി കൂടുതലാണെങ്കിലും, സ്ത്രീ പങ്കാളിത്തം വർധിച്ചു വരുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
20218 26.59 ദശലക്ഷമായിരുന്ന പുരുഷ അക്കൗണ്ടുകളുടെ എണ്ണം 2024ൽ 115.31 ദശലക്ഷമായി ഉയർന്നു. അതേ കാലയളവിൽ സ്ത്രീ അക്കൗണ്ടുകൾ 6.67 ദശലക്ഷത്തിൽ നിന്ന് 27.71 ദശലക്ഷമായി വർധിച്ചതായും എംഒ എസ്‌പിഐ വ്യക്തമാക്കുന്നു.
2021 മുതൽ 2024 വരെ നിർമ്മാണം, വ്യാപാരം, മറ്റ് സേവന മേഖലകൾ എന്നിവിടങ്ങളിലായി സ്ത്രീകളുടെ പങ്കാളിത്തം കൂടിയതായാണ് വിലയിരുത്തൽ. കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉള്ള സ്റ്റാർട്ടപ്പുക ളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.
ഇത് സ്ത്രീ സംരംഭകത്വത്തിലെ നല്ല പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. അത്തരം സ്റ്റാർട്ടപ്പുകളുടെ ആകെ എണ്ണം 2017 ലെ 1,943 ൽ നിന്ന് 2024 ൽ 17,405 ആയി ഉയർന്നു. സ്ത്രീ വോട്ടർമാരുടെ എണ്ണത്തിലും വർധനവുണ്ടായി.