ഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ ഗണ്യമായ വർധനവുണ്ടായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ഉപയോക്താക്കളുടെ ചെലവഴിക്കൽ ഉയർന്നതും ഡിജിറ്റൽ പേയ്മെന്റുകളുടെ പ്രചാരം വർധിച്ചതുമാണ് കാരണം. ഇതോടെ ക്രെഡിറ്റ് കാർഡ് ബില്ലുകളിൽ കുടിശിക വരുത്തുന്നവരുടെ എണ്ണവും കുത്തനെ ഉയർന്നു.
2024 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ക്രെഡിറ്റ് കാർഡ് കുടിശിക 28.42 ശതമാനം വർധനയോടെ 6,742 കോടി രൂപയായി.
ആർബിഐയുടെ കണക്കുകൾ പ്രകാരം 2023 ഡിസംബർ വരെ യുള്ള കുടിശിക 5,250 കോടി രൂപയായിരുന്നു. അതായത് 1,500 കോടിരൂപയോളം വർധിച്ചു. 2023 ഡിസംബറിൽ മൊത്തം ക്രെഡിറ്റ് കാർഡ് വായ്പകൾ 2.53 ലക്ഷം കോടി രൂപയായിരുന്നു. ഇതിൻ്റെ 2.06 ശതമാനമായിരുന്നു കിട്ടാക്കടം.