![sertyuiop[]](https://img-cdn.publive.online/fit-in/1280x960/filters:format(webp)/sathyam/media/media_files/2024/11/04/GKPENSH8eV3LNUnKaQGb.png)
കൊച്ചി: 2024 ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തികവർഷത്തെ മൂന്നാം പാദത്തിൽ ഫെഡറൽ ബാങ്ക് 1569 കോടി രൂപ പ്രവർത്തനലാഭം രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രവർത്തനലാഭമാണ് ഇതോടെ ഫെഡറൽ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
“ഭാവി വളർച്ച ലക്ഷ്യം വച്ചുകൊണ്ട്, നിക്ഷേപ - വായ്പാ രംഗത്ത് അടിസ്ഥാനപരമായ നൂതന ആശയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതിനാൽ ഈ പാദം വളരെ പ്രധാനപ്പെട്ടതായിരുന്നു. ചെലവേറിയ, വലിയ തുകയ്ക്കുള്ള നിക്ഷേപങ്ങൾക്കു പകരം കുറഞ്ഞ തുകയ്ക്കുള്ള റീടെയ്ൽ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങളുടെ തീരുമാനം.
വരുമാനം കുറഞ്ഞ, കൂടിയ റിസ്കുള്ള ആസ്തികൾ ഞങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്. അച്ചടക്കം ഉറപ്പുവരുത്തുന്ന ഇതുപോലുള്ള തീരുമാനങ്ങൾ സ്വീകരിച്ചിട്ടും വായ്പകളിൽ 15 ശതമാനവും നിക്ഷേപങ്ങളിൽ 11 ശതമാനവും വളർച്ച കൈവരിക്കാൻ ബാങ്കിന് സാധിച്ചു. കാര്യമായ തടസ്സങ്ങളൊന്നും നേരിടാതെയാണ് ഞങ്ങളിതു കൈവരിച്ചത്. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ആസ്തിഗുണമേന്മയാണ് ബാങ്ക് നേടിയിരിക്കുന്നത്.
ശക്തമായ അടിത്തറ സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി, റിസ്ക് കൂടിയ ചില മേഖലകളിൽ പ്രൊവിഷൻ ഉയർത്താനുളള തീരുമാനവും ഞങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.” ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ കെ വി എസ് മണിയൻ പ്രസ്താവിച്ചു. “ഇടപാടുകാർക്ക് നൽകുന്ന സേവനം, അവരുമായുള്ള ആത്മബന്ധം, ജീവനക്കാരുടെ ക്ഷേമം, സുസ്ഥിരമായ വരുമാനം തുടങ്ങിയവയിലൂടെ ഏറ്റവും മികച്ച സ്ഥാപനമായി മാറാനുള്ള ദൃഢപരിശ്രമത്തിലാണ് ബാങ്ക്.
മുന്നിലേക്ക് നോക്കുമ്പോൾ, ഭാവി അവസരങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ശുഭാപ്തിവിശ്വാസമാണുള്ളത്. ബാങ്കുമായി ബന്ധപ്പെട്ട എല്ലാവർക്കും സ്ഥായിയായ മൂല്യം ഉറപ്പുവരുത്താനാവുമെന്ന ആത്മവിശ്വാസവും ഞങ്ങൾക്കുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കിന്റെ മൊത്തം ബിസിനസ് 13.21 ശതമാനം വര്‍ധിച്ച് 496745 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 239591 കോടി രൂപയായിരുന്ന നിക്ഷേപം 266375 കോടി രൂപയായി വര്‍ധിച്ചു.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 199185 കോടി രൂപയില്‍ നിന്ന് 230370 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ൽ വായ്പകള്‍ 13 ശതമാനം വര്‍ധിച്ച് 73499 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 27.91 ശതമാനം വര്‍ധിച്ച് 34074 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 24.76 ശതമാനം വര്‍ധിച്ച് 25880 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 7.62 ശതമാനം വര്‍ധിച്ച് 77465 കോടി രൂപയിലുമെത്തി. ബിസിനസ് ബാങ്കിംഗ് വായ്‌പകൾ 13.21 ശതമാനം വർദ്ധിച്ച് 18923 കോടി രൂപയായി.
അറ്റപലിശ വരുമാനവും ചരിത്രത്തിലെ ഏറ്റവുമുയർന്നതായി. 14.50 ശതമാനം വര്‍ധനവോടെ അറ്റപലിശ വരുമാനം 2431.34 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 2123.36 കോടി രൂപയായിരുന്നു.
കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ആസ്തിഗുണമേന്മയാണ് ബാങ്ക് കൈവരിച്ചിരിക്കുന്നത്. 4553.31 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.95 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1131.17 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.49 ശതമാനമാണിത്.
74 .21 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 32077.05 കോടി രൂപയായി വര്‍ധിച്ചു. 15.16 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവിൽ 1550 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2054 എടിഎം/ സിഡിഎമ്മുകളുമുണ്ട്.