ആര്‍ബിഐ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും എല്‍ഐസി മുന്‍ എംഡിയും ഇന്‍ഡെല്‍ മണിയുടെ പുതിയ ഡറക്ടര്‍മാര്‍

New Update
1

കൊച്ചി: ബാങ്കിംഗ്, ധനകാര്യ മേഖലകളില്‍ ദീര്‍ഘകാല സേവന പാരമ്പര്യമുള്ള രണ്ടു പ്രമുഖരെക്കൂടി ചേര്‍ത്ത്  ഇന്‍ഡെല്‍ മണി ഡയറക്ടര്‍ ബോര്‍ഡ്  പുനസംഘടിപ്പിച്ചു.  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പാര്‍വതി സുന്ദരവും  എല്‍ഐസിയുടെ മുന്‍  മാനേജിംഗ് ഡയറക്ടര്‍ വേണുഗോപാല്‍ ഭാസ്‌കരന്‍ നായരുമാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി കഴിഞ്ഞ ദിവസം സ്ഥാനമേറ്റത്.

Advertisment


നിയമ കാര്യങ്ങളിലും ധനകാര്യ സേവന രംഗത്തും ഇരുവര്‍ക്കുമുള്ള പരിചയസമ്പത്ത് മുന്നോട്ടുള്ള കമ്പനിയുടെ ചുവടുകള്‍ക്കു കൂടുതല്‍ കരുത്തു പകരുമെന്ന് പുതിയ ഡയറക്ടര്‍മാരെ സ്വാഗതം ചെയ്ത എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒ യുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.


ബാങ്കിംഗ്, നിയമ മേഖലയില്‍  നാലു പതിറ്റാണ്ടിന്റെ  അനുഭവജ്ഞാനമുള്ള പാര്‍വതി സുന്ദരം കൊമേഴ്‌സ്യല്‍ ബാങ്കിംഗ് രംഗത്തു നിന്നാണ് റിസര്‍വ് ബാങ്കിലെത്തിയത്. ആര്‍ബിഐയുടെ അഞ്ചു മേഖലാ ഓഫീസുകളില്‍  ജോലി ചെയ്യുകയും സുപ്രധാന നിയമ, നയ രൂപീകരണങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്തിട്ടുണ്ട്.  ബാങ്ക് ഓഫ് ബറോഡ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ നോമിനി ഡയറക്ടറായും സേവനമനുഷ്ഠിച്ചു.  ആര്‍ബിഐയില്‍ നിന്ന് 2019ല്‍ വിരമിച്ച അവര്‍ നിലവില്‍ ബാങ്കിംഗ് ലൈസന്‍സിനുള്ള എക്‌സ്‌റ്റേണല്‍ അഡൈ്വസറി കമ്മറ്റി അംഗമാണ്.  

മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് സമ്പദ് ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സ് സര്‍ട്ടിഫൈഡ് അസോസിയേറ്റാണ്.


എല്‍ഐസിയിലെ 36 വര്‍ഷം ഉള്‍പ്പടെ ബാങ്കിംഗ് സേവന രംഗത്ത് 38 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്  വേണുഗോപാല്‍ ഭാസ്‌കരന്‍ നായര്‍ക്ക്.  എല്‍ഐസി, എംഡി തസ്തികയില്‍ നിന്നു 2019ല്‍ പിരിഞ്ഞ ശേഷം 2024 വരെ എസ്ബിഐയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടര്‍ പദവി വഹിച്ചിരുന്നു. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്,  എന്‍സിഡിഇഎക്‌സ്, എല്‍ഐസി നേപ്പാള്‍,

എല്‍ഐസി ബംഗ്ലാദേശ്, എല്‍ഐസി ഇന്റര്‍ നാഷണല്‍ എന്നിവയുടെ ഡയറക്ടറായിരുന്നു. ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ പരിചയ സമ്പത്തുള്ള അദ്ദേഹം ഇന്‍ഷുറന്‍സ്, ബാങ്കിംഗ്,  ഐടി മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുണ്ട്.  കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബികോം ബിരുദം നേടിയ ശേഷം ഐഐഎംഎസ്, ഐഎസ്ബി, എയിം മനില, ഫാലിയ ജപ്പാന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നു വിദഗ്ധ പരിശീലനം നേടി.

Advertisment