കൊച്ചി: ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായായി അസെന്റ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് 'ആങ്കറിങ് ഗ്രോത്ത് ഫ്രം കേരള' എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
അസെന്റ് സമ്മിറ്റ് എന്ന പേരില്‍ ഫെബ്രുവരി ഒന്നിന് വൈകുന്നേരം ഹോട്ടല്‍ മണ്‍സൂണ്‍ എംപ്രസില്‍ നടക്കുന്ന പരിപാടിയില്‍ രണ്ട് സെഷനുകളാണ് ഉള്ളത്. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരിക്കും. വിജയകഥകളുടെ അവതരണത്തോടെ വൈകിട്ട് 5.30 നാണ് സമ്മേളനം ആരംഭിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന പാനല്‍ ചര്‍ച്ചയും സംവാദവും വ്യവസായ വാണിജ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നയിക്കും.
ആറ് പ്രശസ്ത സംരംഭകര്‍ തങ്ങളുടെ കരിയര്‍ വളര്‍ച്ച അവതരിപ്പിക്കും. തുടര്‍ന്ന് 'കേരളത്തില്‍ വളര്‍ന്ന് ആഗോള പാത തെളിയിച്ചവര്‍ ' എന്ന പ്രമേയത്തില്‍ ആറ് വിദഗ്ധര്‍ പങ്കെടുക്കുന്ന റൗണ്ട് ടേബിള്‍ ചര്‍ച്ച കെഎസ്‌ഐഡിസി ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖര്‍ നയിക്കും.