ശ്രീലക്ഷ്മിക്ക് സുരക്ഷിതത്വത്തിന്റെ കൂടൊരുക്കി മണപ്പുറം ഫൗണ്ടേഷന്‍

New Update
manappuram sreela

വലപ്പാട്: 'പ്രതിസന്ധികള്‍ മുഴുവന്‍ തരണം ചെയ്തു ഞാനൊരു ഡോക്ടറാകുമെന്ന്' വി പി നന്ദകുമാറിനോട് പറയുമ്പോള്‍ ശ്രീലക്ഷ്മിയുടെ കണ്ണുകളിലെ തിളക്കം പതിന്മടങ്ങായി.

Advertisment

സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലായിരിക്കണം, ആ അച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ ഇടറി. ഒരു കുടുംബത്തിന്റെ നിത്യ സ്വപ്നത്തിനു ഊടും പാവും തുന്നിയ, അവിടെ കൂടി നിന്നവരിലെല്ലാം സന്തോഷത്തിന്റെ പുഞ്ചിരി വിടര്‍ന്നു.

വലപ്പാട് സ്വദേശി ശ്രീലക്ഷ്മിക്കും കുടുംബത്തിനും മണപ്പുറം ഫൗണ്ടേഷന്റെ 'സ്‌നേഹഭവനം' പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങിനിടെ നടന്നത് വൈകാരിക മുഹൂര്‍ത്തങ്ങള്‍. ഏതു നിമിഷവും നിലംപൊത്താറായ വീട്ടില്‍ കഴിഞ്ഞിരുന്ന ശ്രീലക്ഷ്മിയുടെയും കുടുംബത്തിന്റെയും അവസ്ഥ തിരിച്ചറിഞ്ഞ മണപ്പുറം ഫൗണ്ടേഷന്‍ ആറര ലക്ഷം രൂപ ചെലവിട്ടാണ് വീട് നിര്‍മിച്ചത്.

വീടിന്റെ താക്കോല്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാര്‍ കൈമാറി. സംസ്ഥാനത്തുടനീളം സ്നേഹഭവനം പദ്ധതിയിലൂടെ നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ സാധിച്ചെന്നും പദ്ധതിക്ക് കീഴില്‍ സമൂഹത്തിലെ നിര്‍ധനകര്‍ക്ക് താമസസൗകര്യം ഒരുക്കി നല്‍കുന്നതില്‍ ചാരുഥാര്‍ത്യമുണ്ടെന്നും വി പി നന്ദകുമാര്‍ പറഞ്ഞു. വലപ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി.

പഞ്ചായത്തംഗം അനിത ഭായ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ്, സി എസ് ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, സോഷ്യല്‍ വര്‍ക്കര്‍മാരായ മാനുവല്‍ അഗസ്റ്റിന്‍, അഖില പി എല്‍, ജോതിഷ് എം കെ, ഫാത്തിമ ഷെറിന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment