/sathyam/media/media_files/2025/03/14/IwqhOh4UULs7pPSL6Awm.jpg)
കൊച്ചി: വൈദ്യുത മേഖലയില്‍ മികച്ച തൊഴില്‍ സേനയെ സജ്ജമാക്കാനും ശേഷി വികസനം സാധ്യമാക്കാനും ലക്ഷ്യമിട്ട് ടാറ്റാ പവറും നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനും സഹകരണത്തിനു തുടക്കം കുറിച്ചു. നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ അക്കാദമി വൈസ് പ്രസിഡന്‍റ് നിതിന്‍ കപൂര്‍, ടാറ്റ പവര്‍ സ്‌കില്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അലോക് പ്രസാദ് എന്നിവര്‍ ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു.
ടാറ്റാ പവര്‍ സസ്റ്റൈനബിലിറ്റി ആന്‍റ് സിഎസ്ആര്‍ സിഎച്ച്ആര്‍ഒ മേധാവി ഹമല്‍ തിവാരി, എന്‍എസ്‌ഡിസി അക്കാദമി ജനറല്‍ മാനേജര്‍ വരുണ്‍ ബത്ര, സൗത്ത് ഈസ്റ്റ് യുപി പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി പ്രസരണ പദ്ധതി മേധാവി സച്ചില്‍ മജുംദാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സഹകരണത്തിന്‍റെ ഭാഗമായി ടാറ്റ പവര്‍ സ്‌കില്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹരിത ഊര്‍ജ്ജം, വൈദ്യുതി പ്രസരണം, വിതരണം, ഈ മേഖലകളിലെ സുരക്ഷ തുടങ്ങിയവയില്‍ കഴിവുകള്‍ വികസിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.
നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ഇതിന്‍റെ പരിശീലന പങ്കാളിയാകും. പരിശീലനത്തിനു വിധേയരാകുന്നവര്‍ക്ക് വ്യവസായ മേഖലയ്ക്ക് ആവശ്യമായ തൊഴില്‍ ചെയ്യാനുള്ള കഴിവുണ്ടെന്ന് ഉണ്ടെന്ന് ഉറപ്പാക്കും. വൈദ്യുത പ്രസരണ മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന രീതിയിലാകും പാഠ്യ പദ്ധതി.
ടാറ്റാ പവര്‍ സ്‌കില്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനകം തന്നെ മൂന്നു ലക്ഷത്തിലേറെ പേരെ ബോധവല്‍ക്കരിക്കുകയും പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ദേശിക്കുന്നുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 11 കേന്ദ്രങ്ങള്‍ക്കു പുറമെ ആരംഭിക്കുന്ന പുതിയ കേന്ദ്രങ്ങള്‍ രാജ്യത്തിന്‍റെ വിവിധ മേഖലകളിലുള്ള യുവാക്കള്‍ക്ക് ഗുണമേന്‍മയുള്ള തൊഴില്‍ പരിശീലനം നേടാന്‍ അവസരം നൽകും.
എന്‍എസ്‌ഡിസിയുമായുള്ള പങ്കാളിത്തത്തിന് തങ്ങള്‍ വളരെ വലിയ മൂല്യമാണു കല്‍പിക്കുന്നതെന്ന് ടാറ്റാ പവര്‍ സസ്റ്റൈനബിലിറ്റി ആന്‍റ് സിഎസ്ആര്‍ സിഎച്ച്ആര്‍ഒ മേധാവി ഹമല്‍ തിവാരി പറഞ്ഞു. ഭാവിയിലേക്ക് ആവശ്യമായ തൊഴില്‍ സേനയെ വാര്‍ത്തെടുക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയോട് ചേര്‍ന്നു പോകുന്നതാണിത്.
എന്‍എസ്‌ഡിസിയുമായുള്ള സഹകരണം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മികവിനെ ഉയര്‍ത്തിക്കാട്ടുകയാണ്. ഇപ്പോഴുള്ള 11 കേന്ദ്രങ്ങള്‍ക്കു പുറമെ കൂടുതല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സാന്നിധ്യം വിപുലീകരിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തങ്ങള്‍ ഇന്ത്യയുടെ ഹരിത ഊര്‍ജ്ജ മേഖല കൂടുതല്‍ ശക്തമാക്കുകയും അവിടെ കഴിവുള്ളവരെ കൂടുതല്‍ ലഭ്യമാക്കുകയും ആത്മനിര്‍ഭര്‍ ഭാരതിനായി അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിപിഎസ്‌ഡിഐയുമായും ടാറ്റാ പവറുമായും ഉള്ള ഈ പങ്കാളിത്തം ഇന്ത്യയിലെ ശേഷി വികസനത്തിന്‍റെ കാര്യത്തില്‍ നാഴികക്കല്ലാണെന്ന് എന്‍എസ്‌ഡിസി അക്കാദമി വൈസ് പ്രസിഡന്‍റ് നിതിന്‍ കപൂര്‍ പറഞ്ഞു. ശേഷി വികസനം, എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള പരിശീലനം, തൊഴില്‍ ശേഷി വികസിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള പാരമ്പര്യം തങ്ങള്‍ മനസിലാക്കുന്നു.
കഴിവുകള്‍ വികസിപ്പിക്കുക എന്നത് അനിവാര്യമായ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രതിബദ്ധത ഈ രംഗത്ത് കഴിവുകള്‍ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്നും ഊര്‍ജ്ജ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.