കൊച്ചി: രാജ്യത്ത് സാമ്പത്തിക സാക്ഷരതയും ഉപഭോക്തൃ ബോധവല്‍ക്കരണവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ട്രാന്‍സ് യൂണിയന്‍ സിബില്‍ ഫിന്‍ടെക് അസോസ്സിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്‍റുമായി (ഫെയ്സ്) സഹകരിക്കും.
വായ്പകളുമായി ബന്ധപ്പെട്ട അറിവുകള്‍ വര്‍ധിപ്പിക്കാന്‍ സിബില്‍ ജാഗ്രൻ എന്ന പരിപാടിയാവും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുക. ഫിന്‍ടെക് സംവിധാനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വായ്പകള്‍ ലഭിക്കുന്നതിനെ കുറിച്ചും ഇതിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും. ഇതിനാവശ്യമായ വൈദഗ്ദ്ധ്യം സിബില്‍ ലഭ്യമാക്കും.
ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ എളുപ്പത്തില്‍ സാമ്പത്തിക പദ്ധതികള്‍ ലഭ്യമാണെങ്കിലും അതേക്കുറിച്ചുള്ള അറിവുകളുടെ അഭാവമുണ്ടെന്ന് പങ്കാളിത്തത്തെ കുറിച്ചു സംസാരിച്ച ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഭാവേഷ് ജെയിന്‍ പറഞ്ഞു.
2024 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഫിന്‍ടെകുകളുടെ ഉപഭോക്താക്കളില്‍ 24 ശതമാനവും ആദ്യമായി വായ്പകള്‍ എടുക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അറിവും ഉത്തരവാദിത്തവുമുള്ള ഉപഭോക്താക്കള്‍ സാമ്പത്തിക സംവിധാനങ്ങളുടെ ആസ്തിയാണെന്ന് ഫേസ് സിഇഒ സുഗനാഥ് സക്സേന പറഞ്ഞു. ഈ രംഗത്ത് ഫെയ്സും ട്രാന്‍സ് യൂണിയന്‍ സിബിലും പോലുള്ള സ്ഥാപനങ്ങള്‍ക്കു നിര്‍ണായക പങ്കാണു വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.