/sathyam/media/post_attachments/hZvRBN2seBsN5Sh392Vg.jpg)
മെക്‌സിക്കോ സിറ്റി: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഏഴു തവണ ഏറ്റുവാങ്ങിയ ജേതാവ് ലയണല്‍ മെസ്സി ഖത്തര്‍ ലോകകപ്പില്‍ അവസാന മത്സരത്തില്‍ തീര്‍ത്തത് വിസ്മയ നിമിഷങ്ങളായിരുന്നു. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. തോറ്റാല്‍ പുറത്ത് പോകേണ്ടി വരുമെന്ന സമ്മര്‍ദ്ദത്തിലായിരുന്നപ്പോഴാണ് അറുപത്തിനാലാം മിനിറ്റില്‍ ലയണല്‍ മെസിയും എണ്‍പത്തിയേഴാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്.
എന്നാല്‍ ആരാധകരെ വലിയ ആവേശത്തിലാഴ്ത്തിയ വിജയത്തിന് ശേഷം ഫുട്‌ബോള്‍ ഇതിഹാസ താരം മെസ്സി ചെയ്ത ഒരു പ്രവൃത്തി ഇപ്പോള്‍ മെക്‌സിക്കന്‍ ബോക്‌സിങ്ങ് ചാമ്പ്യന്‍ കാനെലോ അല്‍വാരിസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. മത്സരത്തിന് ശേഷം ഡ്രെസ്സിങ്ങ് റൂമില്‍ വെച്ച് മെക്‌സിക്കോയുടെ കൊടിയും ജേഴ്‌സിയും നിലത്തിട്ട് ചവിട്ടി അപമാനിച്ചുവെന്നാണ് മെസ്സിക്കെതിരെയുള്ള പരാതി.
'മെസ്സി നമ്മുടെ കൊടിയും ജേഴ്‌സിയും ഉപയോഗിച്ച് തറ വൃത്തിയാക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? ഞാന്‍ അദ്ദേഹത്തിനെ കണ്ടുപിടിക്കാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതാകും നല്ലത്. ഞാന്‍ അര്‍ജന്റീനയെ ബഹുമാനിക്കുന്ന പോലെ തന്നെ അദ്ദേഹവും മെക്‌സിക്കോയെ ബഹുമാനിച്ചേ മതിയാകൂ. രാജ്യത്തെ മുഴുവനായി ഞാന്‍ പറയുന്നില്ല, മെസ്സി ചെയ്ത 'ബുള്‍ഷിറ്റി'ന്റെ കാര്യമാണ് പറഞ്ഞത് ', കാനെലോ അല്‍വാരിസ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.