മ്യാന്‍മറില്‍ മുന്‍ എം.പിയടക്കം നാല് പേരെ വധിച്ച്‌ സൈന്യം

New Update

publive-image

യാങ്കോണ്‍ : മ്യാന്‍മറില്‍ മുന്‍ എം.പിയേയും മൂന്ന് ആക്ടിവിസ്റ്റുകളെയും സൈന്യം വധശിക്ഷയ്ക്കു വിധേയമാക്കി. രാജ്യത്തെ മുന്‍ ഭരണാധികാരി ഓംഗ് സാന്‍ സൂചിയുടെ അനുയായി ആയ ഫിയോ സെയ തോ ( 41 ) ആണ് വധിക്കപ്പെട്ട എം.പി. ജനാധിപത്യാവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ ആക്ടിവിസ്റ്റ് കോ ജിമ്മിയും ( 53 ) മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പട്ടാള ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടത്തിയവരാണ് ഇവര്‍.

Advertisment

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ച്‌ അടച്ചിട്ട മുറിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം ജനുവരിയിലാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്‌ക്കെതിരായ അപ്പീലുകള്‍ കഴിഞ്ഞ മാസം തള്ളിയിരുന്നു. പിന്നാലെയാണ് ഇവരെ തൂക്കിലേറ്റിയത്. യു.എന്നിന്റെ കണക്ക് പ്രകാരം 1988ന് ശേഷം ആദ്യമായാണ് രാജ്യത്ത് ജുഡീഷ്യല്‍ വധശിക്ഷ നടപ്പിലാക്കുന്നത്.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സൗകര്യങ്ങളും നല്‍കിയെന്നും ജയില്‍ നടപടിക്രമങ്ങളും നിയമവും പാലിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്നും അധികൃതരെ ഉദ്ധരിച്ച്‌ മ്യാന്‍മറിലെ ഔദ്യോഗിക മാദ്ധ്യമം റിപ്പോര്‍ട്ടു ചെയ്തു.

എം.പിയുടെയും ആക്ടിവിസ്റ്റുകളുടെയും മരണത്തില്‍ മ്യാന്‍മറില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. 2021ല്‍ സര്‍ക്കാരിനെ അട്ടിമറിച്ച്‌ അധികാരം പിടിച്ചെടുത്ത സൈന്യം തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ അതിക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. സൈന്യം അധികാരത്തിലെത്തിയ ശേഷം ഇതുവരെ ഏകദേശം 114 പേരെങ്കിലും മ്യാന്‍മറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്.

Advertisment