കോട്ടയം: ചങ്ങനാശേരി മത്സ്യ വ്യാപാരിയെ ആക്രമിച്ച കേസിൽ 3 പേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. മാമ്മൂട് വലിയപറമ്പിൽ രാഹുൽ സുരേന്ദ്രൻ (21), മോസ്‌കോ ചേരിക്കൽ സനീഷ് കുമാർ കുഞ്ഞുമോൻ (31), മാടപ്പള്ളി ഇടപ്പള്ളി കോളനി കാളശേരി രാജു (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ അഞ്ചിനു പുലർച്ചെ 3നായിരുന്നു സംഭവം. മീൻ വ്യാപാരത്തിനായി വീട്ടിൽ നിന്നിറങ്ങിയ മാമ്മൂട് പരിയാരത്തുമലയിൽ രാജപ്പന്റെ മകൻ അരുണിനാണ്(32) പരുക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അരുണിന്റെ കടയിലെ ജീവനക്കാരനായിരുന്നു രാഹുൽ. സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ രാഹുലിനെ അരുൺ കടയിൽ നിന്ന് പറഞ്ഞു വിട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് രാഹുലും അരുണും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. കഴിഞ്ഞ നാലിന് രാത്രി രാഹുലിന്റെ വീടിനു നേർക്ക് അജ്ഞാതർ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിനു പിന്നിൽ അരുണാണെന്നു കരുതി രാഹുൽ തിരിച്ച് ആക്രമണം നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, എസ്‌ഐ അഖിൽ ദേവൻ, എഎസ്ഐമാരായ ബിജു, അജിത്, ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.