കൗമാരക്കാരനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗീകമായി പീഡിപ്പിച്ചതിന് അമേരിക്കിയിലെ മുന്‍ കര്‍ദ്ദിനാളിനെതിരെ കേസ്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, July 30, 2021

കൗമാരക്കാരനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗീകമായി പീഡിപ്പിച്ചതിന് അമേരിക്കിയിലെ മുന്‍ കര്‍ദ്ദിനള്‍ തിയോഡര്‍ ഇ മാക്കാറിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 1974 ല്‍ ഒരു വിവാഹ പാര്‍ട്ടിക്കിടെ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ലൈംഗികാരോപണം നേരിടുന്ന മാക്കാറിക് അമേരിക്കിയില്‍ ഈ വിഷയത്തില്‍ നിയമനടപടി നേരിടുന്ന ഏറ്റവും ഉയര്‍ന്ന കത്തോലിക്കാ പുരോഹിതനാണ്. വര്‍ഷങ്ങളായി ഉയര്‍ന്ന ആരോപണങ്ങളുടെ പേരില്‍ 2019 ല്‍ ഇദ്ദേഹത്തെ കര്‍ദ്ദിനാള്‍ സ്ഥാനത്ത് നിന്നും മാര്‍പാപ്പ പുറത്താക്കിയിരുന്നു.

കത്തോലിക്കാസഭ നടത്തിയ അനേഷണത്തില്‍ ഇദ്ദേഹം വര്‍ഷങ്ങളായി പ്രായപൂര്‍ത്തിയാകാത്തവരേയും സെമിനാരി വിദ്യാര്‍ത്ഥികളേയും ലൈഗീകമായി ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ സ്ഥാനങ്ങളില്‍ നിന്നും മാര്‍പാപ്പ പുറത്താക്കിയത്.

ഇപ്പോള്‍ 91 വയസ്സുള്ള ഇദ്ദേഹം അമേരിക്കന്‍ കത്തോലിക്കാ സഭയിലെ ഏറ്റവും മുതിര്‍ന്ന കര്‍ദ്ദിനാളായിരുന്നു. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ സഭയേയും ഏറെ നാളായി വിവാദത്തിലാക്കിയിരുന്നു. ഒരു ഘട്ടത്തില്‍ സഭയാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നതെന്ന ആരോപണം പോലും ഉയര്‍ന്നു കേട്ടു.

മച്ചാസ്യൂട്ട്‌സിലെ ഡെഹാം ജില്ലയിലാണ് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇദ്ദേഹം സെപ്റ്റംബര്‍ മൂന്നിന് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടി വന്നേക്കും അഞ്ച വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.

1974 ല്‍ 14 വയസ്സുണ്ടായിരുന്ന ഇപ്പോള്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തിയാണ് പരാതിക്കാരന്‍. അന്ന് നടന്ന വിവാഹ പാര്‍ട്ടിക്കിടെ തങ്ങളുടെ കുടുംബ സുഹൃത്തുകൂടിയായിരുന്ന കര്‍ദ്ദിനാള്‍ തന്നെ പലകാരണങ്ങള്‍ പറഞ്ഞ ആഘോഷം നടന്ന വീട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗീകമായി ദുരുപയോഗിച്ചു എന്നാണ് പരാതി.

×