Advertisment

80 : 20 അനുപാത ന്യൂനപക്ഷ ക്ഷേമപദ്ധതി വിവേചനം കോടതിവിധി മാനിച്ച് സര്‍ക്കാര്‍ തിരുത്തണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

New Update

publive-image

Advertisment

കൊച്ചി: കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 80:20 എന്ന മുസ്ലീം ഇതരന്യൂനപക്ഷവിഭാഗ അനുപാത വിവേചനം ജനുവരി 7ലെ ഹൈക്കോടതി ഉത്തരവ് മാനിച്ച് സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണമെന്നും ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും തുല്യനീതി നടപ്പിലാക്കണമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ പങ്കുവയ്ക്കലില്‍ നിലവിലുള്ള 80:20 അനുപാതം ക്രൈസ്തവരുള്‍പ്പെടെ 5 ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള നീതിനിഷേധമാണെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പ് ഈ അനീതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ ക്രൈസ്തവ നേതൃത്വം സര്‍ക്കാരില്‍ നിവേദനം നല്‍കിയിട്ടും മുഖം തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണുണ്ടായത്.

സര്‍ക്കാര്‍ വ്യക്തമായ മറുപടി പോലും നല്‍കാന്‍ തയ്യാറാകാതിരുന്നതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. പരാതിയിന്മേല്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് വിധിപ്പകര്‍പ്പ് കിട്ടി നാലുമാസത്തിനുള്ളില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ഒക്‌ടോബര്‍ 14ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതി വിതരണത്തിലെ 80 ശതമാനം മുസ്ലീം, 20 ശതമാനം ഇതര അഞ്ചുവിഭാഗങ്ങള്‍ എന്ന അനുപാതത്തിന് യാതൊരു പഠനവും നടത്തിയിട്ടില്ലെന്ന് വിവരാവകാശരേഖയിലൂടെ സര്‍ക്കാര്‍ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 9 (കെ) പ്രകാരം ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ 80:20 എന്ന അനുപാതം ശരിയല്ലെന്നും വളരെ വ്യക്തമാണ്.

കോടതിവിധി പ്രകാരം തീരുമാനമെടുക്കാനുള്ള നാലുമാസ കാലാവധി നോക്കിയിരിക്കാതെ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ 80:20 അനുപാത വിവേചനം തിരുത്തലിന് തയ്യാറാകണം. കേന്ദ്രസര്‍ക്കാര്‍ നേരിട്ടുള്ള പദ്ധതികളില്‍പോലും മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഈ വിവേചനം കേരളത്തിലുണ്ടായിരിക്കുന്നതില്‍ നീതീകരണമില്ലെന്നും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

cbci laity council
Advertisment