കോഴിക്കോട്: ഇന്ന് ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് പൊതുവേ സ്വാഗതാർഹമാണെങ്കിലും റെയിൽവേക്ക് പ്രത്യേക ബഡ്ജറ്റ് ഇല്ലാത്തത് ഒരു പോരായ്മയായി തുടരുന്നുവെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റേയും, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റേയും, മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും സംയുക്ത ഓൺലൈൻ അവലോകന യോഗം വിലയിരുത്തി.
റെയിൽവേ വികസനത്തിന് ഭീമമായ തുക വകയിരുത്തിയതും, കൊച്ചി മെട്രോ റെയിലിന്റെ രണ്ടാംഘട്ടത്തിന്1967 കോടി രൂപ അനുവദിച്ചത് യോഗം സ്വാഗതം ചെയ്തു. രണ്ടു പുതിയ വാക്സിനുകൾ കൂടി വരുന്നതും, ആരോഗ്യ - കാർഷിക - അടിസ്ഥാന സൗകര്യ വികസന - ശുദ്ധജലവിതരണം, ദേശീയപാത വികസനം, മുതിർന്ന പൗരന്മാർക്കും, പ്രവാസികൾക്കും നികുതി ഇളവുകൾ, സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം, ഗ്രാമീണ വികസന പദ്ധതി, എന്നീ സമസ്തമേഖലകൾക്കും ഗുണകരമായ പ്രഖ്യാപനങ്ങളെ യോഗം സ്വാഗതം ചെയ്തു.
വിഭവ സമാഹരണത്തിന് ആദായ നികുതിനിരക്ക് - എക്സൈസ് തീരുവ തുടങ്ങിയ നികുതികൾ വർദ്ധിപ്പിക്കാത്തതും, കോവിഡിന്റെ പേരിൽ സെസ് ഏർപ്പെടുത്താത്തതും ആശ്വാസകരമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു.
ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആണെങ്കിലും കേരളത്തിനു ലഭിച്ച കൊച്ചിയിൽ മത്സ്യബന്ധന വാണിജ്യ ഹബ്ബ്, ദേശീയപാതയ്ക്ക് 65,000 കോടി, കന്യാകുമാരി മുംബൈ ഇടനാഴി, എന്നിവ കേരളത്തിന് മതിയായ പരിഗണന ലഭിച്ചു എന്ന് അവർ ചൂണ്ടിക്കാട്ടി.
ജി എസ് ടി, ആദായനികുതി നടപടികൾ ലളിത വൽക്കരിച്ചതും, നികുതികളും ആയി ബന്ധപ്പെട്ട പരാതികളും, തർക്കങ്ങളും പരിഹരിക്കുന്നതിന് പുതിയ പാനൽ രൂപീകരിച്ചതും നികുതിദായകർക്ക് ആശ്വാസം ഏറെ നൽകും.
കോവിഡ് പശ്ചാത്തലത്തിൽ സമ്പത് വ്യവസ്ഥ മാന്ദ്യം തുടരുന്ന സാഹചര്യത്തിൽ സമസ്ത മേഖലകളുടെയും, നിലനിൽപ്പിനും, ഉണർവ്വിനും അനിവാര്യമായ ഭീമമായ ഇന്ധന നികുതി ജിഎസ്ടി പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം ബഡ്ജറ്റിൽ പ്രഖ്യാപിക്കാത്തതിനാൽ യോഗം അതൃപ്തി പ്രകടിപ്പിച്ചു. യോഗത്തിൽ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ.വി അനൂപ്, വൈസ് ചെയർമാൻ സി. ചന്ദ്രൻ , ലൈസൺ ഓഫീസർ കേണൽ ആർ. കെ.ജഗോട്ട വി.എസ്.എം ( റിട്ടയേഡ്) കേരള റീജിയൻ കൺവീനർമാരായ സൺഷൈൻ ഷോർണൂർ, പി.ഐ.അജയൻ, ജിയോ ജോബ്,ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിയമോപദേഷ്ടാവും, റിട്ടേഡ് വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറുമായ അഡ്വക്കേറ്റ് എം.കെ.അയ്യപ്പൻ, ജനറൽ സെക്രട്ടറി സി.സി. മനോജ്,, സി.വി ജോസി, മലബാർ ഡെവലപ്മെന്റ് കൗൺസിൽ വൈസ് പ്രസിഡണ്ടുമാരായ എം.വി. മാധവൻ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, സെക്രട്ടറി കെ.എൻ. ചന്ദ്രൻ, ഖജാൻജി എം.വി. കുഞ്ഞാമു എന്നിവരും യോഗത്തിൽ പങ്കെടുത്തു.