Advertisment

സ്വർണ്ണത്തേൽ പിടിച്ച് കേന്ദ്രം: 2021 ജനുവരി മുതൽ ബിഐഎസ് ഹാൾ മാർക്ക് മുദ്രയില്ലാതെ രാജ്യത്ത് സ്വർണാഭരണങ്ങൾ വിൽക്കുന്നത് കുറ്റകരം: നിയമം ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴ

New Update

ദില്ലി: അവസാനം മോദി സർക്കാർ സ്വർണത്തേലും പിടിമുറുക്കുന്നു. 2021 ജനുവരി മുതൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഹാൾ മാർക്ക് മുദ്രയില്ലാതെ രാജ്യത്ത് സ്വർണാഭരണങ്ങൾ വിൽക്കുന്നത് കുറ്റകരമാകും. ഹോൾമാർക്ക് ഇല്ലാത്ത സ്വർണ്ണം വിറ്റാൽ ഒരു ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.

Advertisment

publive-image

പുതിയ നിർദേശങ്ങൾ നടപ്പാകുന്നതോടെ 14, 18, 22 എന്നീ മൂന്നു കാരറ്റിൽ മാത്രമേ സ്വർണ്ണം വിൽക്കാൻ അനുവദിക്കുകയുള്ളു. സ്വർണ്ണ വിൽപനയുടെ നിലവാരം ഉയർത്താനാണ് നിർദേശങ്ങളെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അതേസമയം സ്വർണ വിൽപനയിൽ ബിഐഎസ് ഹോൾമാർക്ക് നിർബന്ധമാക്കുന്നത് ചെറുകിട വ്യാപാരികളെ സാരമായി ബാധിക്കും. കേന്ദ്രസർക്കാരിന്‍റെ പുതിയ നിർദേശത്തിൽ ചെറുകിട വ്യാപാരികൾ ആശങ്കയിലാണ്. ബിഐഎസ് ഇല്ലാത്ത സ്വർണം വിൽക്കാൻ അനുവദിക്കില്ലെന്ന നിർദേശം നടപ്പാകുന്നതോടെ സംസ്ഥാനത്തെ ചെറുകിട സ്വർണ വ്യാപാര സ്ഥാപനങ്ങൾ പൂട്ടേണ്ടിവരുമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്ത് അഞ്ചുലക്ഷത്തോളം സ്വർണവ്യാപാരികളാണുള്ളത്. ഒരു ലക്ഷത്തോളം നിർമാതാക്കളും ആയിരക്കണക്കിന് ഹോൾസെയിൽ ഡീലർമാരും ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്. 27,000 ഓളം സ്വർണവ്യാപാരികൾ മാത്രമാണ് രാജ്യത്ത് ഹാൾമാർക്കിങ് ലൈസൻസ് എടുത്തിട്ടുള്ളത്. രാജ്യത്തൊട്ടാകെ 900 ൽ താഴെ ഹാൾമാർക്കിങ് സെന്ററുകൾ മാത്രമാണിന്നുളളത്.

ഹാള്‍മാര്‍ക്കിങിന്‍റെ കാര്യത്തില്‍ നിലവില്‍ ജ്വല്ലറികളിലുളള സ്റ്റോക്കുകളുടെ കാര്യത്തില്‍ മാത്രമാണ് ഇളവുകളുളളത്. പുതിയ ആഭരണങ്ങളെല്ലാം ഹാള്‍മാര്‍ക്ക് മുദ്രയോടെ മാത്രമേ രാജ്യത്ത് വില്‍ക്കാന്‍ പാടൊള്ളു. 14, 18, 22 കാരറ്റില്‍ വരുന്ന സ്വര്‍ണാഭരണങ്ങളായിരിക്കണം ഇവയെന്നും പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്തെ പകുതിയിലേറെ സ്വർണ്ണ വ്യാപാരികൾക്കും നിലവില്‍ ഹാള്‍മാര്‍ക്കിങ് ലൈസൻസ് ഇല്ലെന്നത് വ്യവസായത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നു. 2019 നവംബറിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ 2,162 ജ്വല്ലറികള്‍ക്ക് മാത്രമേ ഹാള്‍മാര്‍ക്ക് ലൈസന്‍സ് ഉള്ളൂ.

Advertisment