ഇനി ചാർട്ടേഡ് വിമാനങ്ങളുടെ കാലം; സൗദിയിൽ നിന്നുള്ള ആദ്യത്തേത് ചൊവാഴ്ച ജിദ്ദ – കരിപ്പൂർ; ടിക്കറ്റ് നിരക്ക് എന്തിന് കാര്യമാക്കണം, നാട്ടിലെത്തുകയല്ലേ കാര്യം??!!

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, June 1, 2020

ജിദ്ദ: പ്രവാസികളെ സേവിച്ച് ഗൾഫിൽ നിന്ന് ഇനി ചാർട്ടേഡ് വിമാനങ്ങളുടെ പ്രവാഹം! വന്ദേ ഭാരത മിഷൻ എന്ന പേരിലുള്ള സർക്കാർ വിമാനങ്ങൾ എണ്ണത്തിലും വണ്ണത്തിലും നന്നേ ചുരുങ്ങിയപ്പോൾ സ്വാഭാവികമായും ഉയർന്നു വന്ന ആവശ്യം പൂവണിയുകയാണ്. സൗദിയിൽ നിന്നുള്ള ഇത്തരം ആദ്യത്തേത് ജിദ്ദയിൽ നിന്ന് കരിപ്പൂരിലേയ്ക്ക് പറന്നുയരും. സ്പേസ് ജെറ്റ് ആണ് സർവീസ് നടത്തുന്നത്. പിന്നാലെ, സംഘടനകൾ, ട്രാവൽ കമ്പനിക്കാർ, വിമാന കമ്പനിക്കാർ തുടങ്ങി പലരും ഈ സേവനം ദുരിതത്തിലായിരിക്കുന്ന പ്രവാസികൾക്കായി നിർവഹിക്കാൻ തക്കം പാർത്തിരിക്കുകയാണ്.

ജെറ്റ് ശ്രമം വിജയിക്കുന്നതോടെ മറ്റു കേന്ദ്രങ്ങൾ നടത്തിയ ശ്രമങ്ങളും ക്രമേണ വിജയത്തിലെ ത്തിയേക്കാം. ഐ ടി എൽ, അക്ബർ ട്രാവെൽസ്, അൽഹിന്ദ്, കെ എം സി സി, ഐ സി എഫ്, ഓ ഐ സി സി തുടങ്ങിയവരെല്ലാം ശ്രമം തുടങ്ങി വെച്ചവരാണ്. കേന്ദ്ര സർക്കാർ നടത്തുന്ന വന്ദേഭാരത് ടിക്കറ്റ് നിരക്കിനെ കുറിച്ച് തന്നെ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. സർക്കാർ ഫെയറിനേക്കാളും ഇരട്ടിയിലധികമായേക്കാം ചാർട്ടേഡ് ഫെയറുകൾ. സർക്കാർ വിമാനങ്ങളുടെ ടിക്കറ്റ് നിരക്കുമായി താരതമ്യപ്പെടുത്തിയാൽ ചാർട്ടേഡ് വിമാന നിരക്ക് നിരക്ക് ഏറെ കൂടുതലാണെങ്കിലും വിവിധ കാരണങ്ങളാൽ എത്രയും വേഗം നാട്ടിലെത്താൻ കാത്തിരിക്കുന്ന ആയിരക്കണക്കിനു യാത്രക്കാർക്ക് ഇത് ആശ്വാസം പകരുമെന്നതിൽ സംശയമില്ലല്ലോ എന്നാണ് സംഘാടകരും നിർബന്ധിതരായ യാത്രക്കാരും ചോദിക്കുന്നത്.

സാമൂഹ്യ സേവനമോ സാമ്പത്തിക നേട്ടമോ ഏതാണ് പ്രചോദനം എന്നത് നോക്കേണ്ട സമയം അല്ലിത് എന്നാണു ഒരു പക്ഷത്തിന്റെ നെടുവീർപ്പിൽ ഉയരുന്നത്. “കാശുള്ളവരെങ്കിലും തടി പിടിക്കട്ടെ”. ഇതിലുള്ള തർക്കവും വാദപ്രതിവാദങ്ങളും മൂത്ത് ചാർട്ടെഡിനുള്ള അനുമതി തന്നെ ഇല്ലാതായി പോകാതിരിക്കട്ടെ എന്നാണിവരുടെ പക്ഷം. “സർക്കാർ സഹായിക്കില്ലെങ്കിൽ സ്വന്തമായി കഴിയുന്നവരെങ്കിലും രക്ഷപ്പെട്ടോട്ടെ” എന്ന വാദത്തിന് മറുപടി പറയാൻ വിഷമിക്കും. സാമൂഹ്യ സേവനമായാലും സ്വയം സേവനമായാലും രണ്ടും തിരിച്ചറിയാനാവാത്ത വിധം മത്സരിക്കുന്ന അവസ്ഥയാണല്ലോ നിലവിൽ. ഏതായാലും, ക്ഷാമ കാലം ചിലർക്ക് ക്ഷേമ കാലമാവുമല്ലോ?!

അതോടൊപ്പം, നേരത്തേ തന്നെ ചാർട്ടേഡ് വിമാനം ഉറപ്പായെന്ന് വഞ്ചനാ രൂപത്തിൽ സമൂഹത്തെ വിശ്വസിപ്പിച്ച് ടിക്കറ്റ് നിരക്കായി പണം വാങ്ങി വെക്കുന്നവരും ചാർട്ടേഡ് സേവകരിൽ ഉണ്ട്. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ഇന്ത്യൻ അധികൃതർ, കാലേകൂട്ടി പണം ആർക്കും നൽകരുതെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവരിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചാൽ മാത്രമേ ടികെറ്റ് കാശ് നൽകാവൂ എന്നും അറിയിപ്പ് ഇറക്കേണ്ടി വന്നു.

ബോയിംഗ് 737 സ്‌പൈസ് ജെറ്റ് 9006 വിമാനത്തിൽ 175 യാത്രക്കാരാണുണ്ടാവുക. ഇതിൽ 130 പേർ പുരുഷന്മാരും 40 സ്ത്രീകളുമാണ്. ഇവർക്കു പുറമെ 13 കുട്ടികളുമുണ്ട്. പത്തുപേർ ഗർഭിണികളും പുരുഷന്മാരിൽ 20 പേർ പ്രായാധിക്യമുള്ളവരുമാണ്. കൊറോണാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യു എ ഇയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു.

സൗദി ആരോഗ്യ മന്ത്രായത്തിന്റെയും കേന്ദ, സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ കൊറോണാ പ്രോട്ടോകോളും നടപടികളും പാലിച്ചു കൊണ്ടാണ് കൊറോണാ കാലത്തെ ഈ ചാർട്ടേഡ് വിമാന സർവീസുകൾ.

×