വീടിനോട് ചേർന്നുള്ള റബ്ബർ ഷെഡ്ഡിന് തീപിടിച്ചു

Monday, December 2, 2019

ചാരുംമൂട് : വീടിനോട് ചേർന്നുള്ള റബ്ബർ ഷെഡ്ഡിന് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചതോടെയാണ് ഭീതിയൊഴിഞ്ഞത്. ചാരുംമൂട് പേരൂർക്കാരാണ്മ ആബിദ് മൻസിലിൽ സൈനുലാബ്ദീന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.

തീ പടർന്നതിനോട് ചേർന്നുള്ള അടുക്കളയിൽ നിന്ന് രണ്ട് പാചക വാതക ഗ്യാസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കുടുംബാംഗം ആഷിദിന് (26) പൊള്ളലേറ്റു. റബ്ബർ ഉണക്കി സൂക്ഷിച്ചിരുന്ന ഷെഡിനാണ് ഇന്നലെ തീപിടിച്ചത്. പുക ഉയരുന്നത് അയൽക്കാർ കണ്ടതോടെയാണ് തീപിടിച്ച വിവരം വീട്ടുകാർ അറിയുന്നത്.

വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഭാഗത്താണ് റബ്ബർ ഷെഡ്ഡ്. ഇവിടുന്ന് മിനിറ്റുകൾക്കുള്ളിൽ വീടിനുള്ളിലേക്കും തീ പടർന്നു. വീടിന്റെ ജനൽചില്ലകൾ ചൂടു കൊണ്ട് പൊട്ടി തകർന്നു. കായംകുളത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.

×