വയസ് അഞ്ച്, തൊഴില്‍ അധ്യാപനം

ന്യൂസ് ഡെസ്ക്
Friday, June 11, 2021

ജോര്‍ദ്ദാൻ: ഏത് പ്രായത്തിലും പഠിക്കാനാകും, എന്നാല്‍ പഠിപ്പിക്കാനോ? മികച്ച അധ്യാപകനാകാനും പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജോര്‍ദ്ദാനില്‍ നിന്നുള്ള ഈ കൊച്ചു മിടുക്കന്‍ അസ് ഔദ്. അഞ്ചു വയസുകാരനായ അസ് ഔദ് ഇപ്പോള്‍ ജോര്‍ദ്ദാനിലെ ഏറ്റവും ചെറിയ ആംഗ്യഭാഷാധ്യാപകനാണ്. യുവ സെലിബ്രിറ്റിയെന്ന് അച്ഛന്‍ അഷ്‌റഫ് വിശേഷിപ്പിക്കുന്ന അസ് ഔദ് യൂട്യൂബ് വീഡിയോകള്‍ വഴിയാണ് പ്രസിദ്ധിയാര്‍ജിച്ചത്.

അസ് ഔദിന്റെ വിഡിയോകള്‍ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ആംഗ്യഭാഷ വളരെ എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ അസ് ഔദിന്റെ വിഡിയോകള്‍ സഹായിക്കുന്നു. വളരെ ഉത്സാഹത്തോടെയും ആസ്വദിച്ചുമാണ് ഈ കുട്ടി അധ്യാപകന്റെ ക്ലാസുകള്‍. ശ്രവണ വൈകല്യമുള്ള മുത്തച്ഛനോടും മുത്തശ്ശിയോടും ആശയവിനിമയം നടത്താനുള്ള മാര്‍ഗമായാണ് അസ് ഔദ് ആംഗ്യഭാഷ പഠിച്ചെടുത്തത്.

ഇപ്പോള്‍ ശ്രവണ വൈകല്യമുള്ളവരുമായി ആശയവിനിമയം നടത്താന്‍ ആളുകളെ പ്രാപ്തരാക്കുന്നതിനാണ് താന്‍ ഈ വിഡിയോകള്‍ ചെയ്യുന്നതെന്നാണ് ഈ ബാലന്‍ പറയുന്നത്. അസ് ഔദിന്റെ അച്ഛന്‍ അഷ്‌റഫ് ഒരു ആംഗ്യഭാഷാ വിദഗ്ധനാണ്. ആംഗ്യഭാഷയില്‍ പ്രാവീണ്യം നേടാനുള്ള മകന്റെ അര്‍പ്പണബോധവും ആഗ്രഹവും തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് പിതാവ് പറയുന്നു. തന്റെ മകന് ഈ രംഗത്ത് ശോഭനമായ ഭാവിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

വീഡിയോ കാണാം: Click here

×