ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിൽ സംശയ സാഹചര്യത്തിൽ ചൈനക്കാരൻ പിടിയിൽ; ചോദ്യം ചെയ്യുന്നു; ഇംഗ്ലിഷ് അറിയാത്തതിനാൽ ആശയവിനിമയം നടത്താൻ പ്രയാസമുണ്ടെന്ന് ഉദ്യോഗസ്ഥർ

New Update

publive-image

Advertisment

ന്യൂഡൽഹി: സംശയകരമായ സാഹചര്യത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം കണ്ട ചൈനീസ് പൗരനെ സുരക്ഷാ സേന പിടികൂടി. അതിർത്തി സുരക്ഷാ സേനയാണ് (ബിഎസ്എഫ്) ബംഗാളിലെ മാൾഡ ജില്ലയിൽ അതിർത്തിക്കടുത്ത് ഇയാളെ പിടികൂടിയത്. ഹാൻ ജുൻ‌വെയ് (35) എന്നാണു പിടിയിലായ വ്യക്തിയുടെ പേരെന്നാണു വിവരം.

ബംഗ്ലാദേശി വിസയോടെയുള്ള ചൈനീസ് പാസ്പോർട്ട്, ലാപ്ടോപ്പ്, മൂന്ന് സിം കാർഡ് എന്നിവ ഇയാളിൽ നിന്ന് സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. രാവിലെ ഏഴോടെ കസ്റ്റഡിയിൽ എടുത്ത ഹാനിനെ ചോദ്യം ചെയ്യുകയാണെന്നു മുതിർന്ന ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോട‌ു പറഞ്ഞു. ചൈനീസ് നുഴഞ്ഞുകയറ്റക്കാരന് ഇംഗ്ലിഷ് അറിയാത്തതിനാൽ ആശയവിനിമയം നടത്താൻ പ്രയാസമുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മാൻഡറിൻ ഭാഷ അറിയുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രഹസ്യാന്വേഷണ വിഭാഗവും ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ഹാൻ ജുൻ‌വെയ് തനിച്ചാണോ അതോ കൂടുതൽ ആളുകൾ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ചിട്ടുണ്ടോയെന്നും സുരക്ഷാ സേന പരിശോധിക്കുന്നുണ്ട്. ഇയാളുടെ ബംഗ്ലാദേശ് സന്ദർശന ലക്ഷ്യം എന്താണെന്ന് കണ്ടെത്താനും ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുവെന്നും അധികൃതർ വ്യക്തമാക്കി.

Advertisment