New Update
തിരുവനന്തപുരം: ചിറയിൻകീഴ് ജനതയുടെ സ്വപ്നപദ്ധതിയായ റെയിൽവേ മേൽപ്പാല നിർമാണം ഭാഗീകമായ് നിർത്തി വച്ചു. നിർമ്മാണ പ്രവൃത്തികൾക്കാവശ്യമായ സ്ഥലത്തെ
മണ്ണ് നീക്കം ചെയ്യാൻ കാരാറുകാർക്ക് അനുമതി ലഭിയ്ക്കാത്തതാണ് നിർമ്മാണ പ്രവർത്തികൾ നിലയ്ക്കുവാൻ കാരണമായതെന്നാണ് സൂചന.
മണ്ണ് നീക്കം ചെയ്യുവാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. ഇതേ തുടർന്ന് കഴിഞ്ഞ ഒന്നരമാസത്തിലേറെയായി നിർമ്മാണ പ്രവൃത്തികൾ മുടങ്ങിയ അവസ്ഥയിലാണ്.
നിലവിൽ റെയിൽവേ മേൽപ്പാലത്തിന്റെ ആറ് ഉരുക്ക് തൂണുകളുടെ പണികളാണ് നടന്നിട്ടുള്ളത്. പണ്ടകശാല ഭാഗത്ത് അഞ്ചും ബസ്സ്റ്റാൻഡിനു സമീപം ഒന്നിന്റെയും ജോലികളാണ് ഭാഗീഗമായി പൂർത്തിയായത്. ബാക്കിയുള്ള തൂണുകൾ നിർമ്മിക്കാൻ താലൂക്കാശുപത്രിയുടെ ഭാഗത്തെ മതിൽക്കെട്ടും മണ്ണും നീക്കം ചെയ്യേണ്ടതുണ്ട്.
തൂണുകളുടെ പൈലിങ്ങിന് ആശുപത്രി കോമ്പൗണ്ടിൽനിന്ന് മണ്ണെടുക്കാനാരംഭിച്ചപ്പോൾ ഖനനാനുമതിയില്ലാത്തതിനെതുടർന്ന് ചിറയിൻകീഴ് പോലീസ് മണ്ണെടുപ്പ് തടയുകയായിരുന്നു.
ജിയോളജി വകുപ്പിന്റെ പാസോടെ മാത്രമേ ഇവിടെനിന്ന് മണ്ണ് നീക്കം ചെയ്യാനാകൂഎന്നാണ് പോലീസ് പറയുന്നത്. എന്നാൽ മണ്ണെടുക്കാനുള്ള അനുമതിപത്രത്തിനായ് കരാറുകാർ അപേക്ഷിച്ച് കാത്തിരിപ്പു തുടങ്ങിയിട്ട് മാസങ്ങളായെന്നാണ് പറയപ്പെടുന്നു. അനുമതി ലഭിച്ചാലേ മണ്ണ് നീക്കംചെയ്ത് പൈലിങ്ങ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് കരാർ കമ്പനിയും പറയുന്നു.